നെഹ്‌റു പാർക്കിനു ഒടുവിൽ രക്ഷ

Saturday 20 November 2021 1:47 AM IST

രാമനാട്ടുകര: കാടും പുല്ലും വളർന്ന് ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടെയും വിഹാര കേന്ദ്രമായി മാറിയ രാമനാട്ടുകരയിലെ നെഹ്‌റു പാർക്കിന് ഒടുവിൽ മോചനം. നഗരസഭാ അധികൃതർ ഇടപെട്ട് ശുചീകരണ തൊഴിലാളികളെ വെച്ച് പുല്ലും കാടും വെട്ടി വൃത്തിയാക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം കേരള കൗമുദി നെഹ്‌റു പാർക്കിന്റെ ശോചനീയാവസ്ഥയെ കുറിച്ച് വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭാ അദ്ധ്യക്ഷ ബുഷറ റഫീഖ് പ്രത്യേക നിർദ്ദേശം നൽകി പാർക്ക് വൃത്തിയാക്കാൻ തുടങ്ങിയത്.

കഴിഞ്ഞദിവസം നെഹ്റുവിന്റെ 132-ാം ജന്മദിനം നാടെങ്ങും ശിശുദിനമായി കൊണ്ടാടിയപ്പോഴും ഈ പാർക്കിന്റെ കാര്യം ആരും ഓർത്തുപോലുമി​ല്ലെന്നതും പാർക്ക് വൃത്തിയാക്കാൻ ആരും മെനകെ​ടാത്തതും വാർത്തയിൽ പറഞ്ഞിരുന്നു. പാറമ്മൽ റോഡിൽ രാമനാട്ടുകര നഗരസഭാ ഓഫീസിനു തൊട്ടടുത്തുള്ള ഈ പാർക്കിനെ മാറി വരുന്ന ഭരണകൂടങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാറി​ല്ലായിരുന്നു. കൊവിഡ് കാരണം കുട്ടികളുടെ വരവ് നിലച്ചതോടെ പാർക്കിൽ ആളനക്കമില്ലാതായി​. റോഡിൽ നിന്നും അടിച്ചുകൂട്ടുന്ന ചപ്പുചവറുകളും മറ്റും കൂട്ടിയിട്ട് വൃത്തിഹീനമാക്കിയിരുന്നു. നേരത്തെ തന്നെ നെഹ്‌റു പാർക്ക് രാമനാട്ടുകരയിൽ എന്നും വിവാദ വിഷയമായിരുന്നു. ഗ്രാമ പഞ്ചായത്ത് ആയിരുന്നപ്പോൾ അന്നത്തെ ഭരണസമിതി പാർക്കിന്റെ സ്ഥലം തൊട്ടടുത്തുള്ള പഞ്ചായത്ത് ഓഫീസിനോട് കൂട്ടിച്ചേർക്കാൻ ശ്രമിച്ചെങ്കിലും ജനത്തിന്റെ എതിർപ്പ് കാരണം നടക്കാതെ പോയതാണ്.

നാല് ലക്ഷം രൂപയുടെ പ്രോജക്ടിൽ നഗരസഭ ഇവിടെ ഓപ്പൺ ജിം സൗകര്യങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് വരെ നടപടികളൊന്നുമായിട്ടില്ല. കൊവിഡ് കണക്കുകകൾ കുറയുകയും വിദ്യാലയങ്ങൾ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ പാർക്കിൽ കളിക്കാൻ കുട്ടികളെത്തുമെന്നും വീണ്ടും പരിപാടികൾ നടത്തുമെന്നും പ്രതീക്ഷിക്കാം.

Advertisement
Advertisement