വാക്സിനേഷൻ സർട്ടിഫിക്കറ്റ് തെറ്റു തിരുത്താൻ നെട്ടോട്ടം

Saturday 20 November 2021 12:48 AM IST

കൊച്ചി: കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്താനായുള്ള ജനത്തിന്റെ നെട്ടോട്ടത്തിന് അറുതിയില്ല. 500 ഓളം അപേക്ഷകളാണ് കൊവിഡ് വാക്‌സിനേഷൻ നോഡൽ ഓഫീസർക്ക് ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത്. രണ്ടു ഡോസ് വാക്‌സിൻ എടുത്തിട്ടും വെബ്‌സൈറ്റിൽ രേഖപ്പെടുത്താത്തതാണ് പ്രധാന പ്രശ്‌നം. നോഡൽ ഓഫീസർക്ക് പരാതി നൽകാൻ കഴിയാത്തവർക്കായി വാക്‌സിൻ സ്വീകരിച്ച പബ്ലിക് ഹെൽത്ത് സെന്ററുകളിൽ നേരിട്ട് എത്തി വിവരങ്ങൾ നൽകാം. പലരുടെയും വിദേശ യാത്രയടക്കം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ സർക്കാർ നടപടി.

അപേക്ഷയിൽ വാക്‌സിൻ എടുത്ത പബ്ലിക് ഹെൽത്ത് സെന്റർ/ ക്യാമ്പ്, തീയതി, പേര്, ആധാർ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. നോഡൽ ഓഫീസർക്ക് ലഭിക്കുന്ന അപേക്ഷകൾ നേരിട്ട് സംസ്ഥാന സർക്കാറിലേക്കും അവിടെ നിന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേക്കും നൽകിയ ശേഷമാണ് അവ തിരുത്തി ലഭിക്കുക. അതിനായി എത്ര കാലതാമസം എടുക്കുമെന്നതിൽ അധികൃതർക്ക് വ്യക്തതയില്ല. പ്രാഥമികമായി നൽകുന്ന പേര്, ജനനതീയതി, ലിംഗം എന്നീ ഡാറ്റകളിൽ തെറ്റ് സംഭവിച്ചാൽ അവ തിരുത്താൻ കൊവിൻ വെബ്‌സൈറ്റിൽ തന്നെ അവസരം ഒരുക്കിയിട്ടുണ്ട്.

  • തിരുത്തലുകൾക്ക് നേരിട്ട് നോഡൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം
  • ഇവ സംസ്ഥാന സർക്കാറിലേക്കും അവിടെ നിന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേക്കും നൽകിയ ശേഷമാണ് തിരുത്തുക.
  • പേര്, ജനനതീയതി, ലിംഗം എന്നിവ കൊവിൻ വെബ്‌സൈറ്റിൽ തന്നെ തിരുത്താം.
  • നോഡൽ ഓഫീസർക്ക് പരാതി നൽകാൻ കഴിയാത്തവർ വാക്‌സിൻ സ്വീകരിച്ച പബ്ലിക് ഹെൽത്ത് സെന്ററുകളിൽ നേരിട്ട് എത്തി വിവരങ്ങൾ നൽകണം.
  • വ്യത്യസ്ത നമ്പറുകൾ ഉപയോഗിച്ച് വാക്‌സിൻ എടുത്തവർക്കും തിരുത്തി ലഭിക്കും.

കൊവിനിൽ തിരുത്താം

  • പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ തുടങ്ങിയവ കൊവിൻ പോർട്ടലിലൂടെ (coWIN portal) അനായാസമായി തിരുത്താം. വെബ്‌സൈറ്റിൽ ഒ.ടി.പി ഉപയോഗിച്ച് പ്രവേശിച്ച ശേഷം കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാം.
  • സർട്ടിഫിക്കറ്റിൽ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ വാക്‌സിനെടുത്ത സെന്ററിൽ തിരുത്താൻ അപേക്ഷ നൽകാം.
  • വാക്‌സിനേഷൻ നോഡൽ ഓഫീസർക്ക് ഇ മെയിലിൽ പരാതി നൽകിയും തിരുത്താൻ സാധിക്കും.

പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിവരങ്ങൾ ശേഖരിച്ച് സർക്കാരിലേക്ക് നൽകി പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിലേക്ക് അറിയിക്കുകയാണ് നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലത്തിനാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താൻ സാധിക്കുക. ഇതിന് കാലതാമസം നേരിടാം.

ഡോ. ശിവദാസൻ എം.ജി നോഡൽ ഓഫീസർ വാക്‌സിനേഷൻ