കാർത്തിക സ്തംഭം ജ്വലി​ച്ചു, നന്മയുടെ പ്രഭ പരന്നു

Saturday 20 November 2021 12:01 AM IST
ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം കത്തിയെരിയുന്നു

തിരുവല്ല: വൃശ്ചികത്തിലെ കാർത്തികനാളിൽ നടക്കുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് കാർത്തിക സ്തംഭം കത്തിച്ചു. തിന്മയ്ക്ക് മേൽ നൻമ ആധിപത്യം പുലർത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് പീഠത്തിൽ പ്രതിഷ്ഠി​ച്ച ശേഷമാണ് സ്തംഭം ജ്വാലയാകുന്നത്. ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാടകൾക്കൊപ്പം വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിൻ തടിയിൽ ചുറ്റിയാണ് കാർത്തിക സ്തംഭം ഒരുക്കിയത്. ഭക്തരുടെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ഏകാംഗകമ്മി​ഷൻ ഡോ.സി.വി.ആനന്ദബോസ് സ്തംഭം കത്തിക്കൽ ചടങ്ങ് നിർവഹിച്ചു. സാംസ്കാരികസമ്മേളനം തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, തലവടി, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി.നായർ, ടി. പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ പിഷാരത്ത്, അഡ്മിനിസ്ട്രേറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ, ഡി.വിജയകുമാർ, രമേശ് ഇളമൺ, ഉത്സവ കമ്മി​റ്റി സെക്രട്ടറി സന്തോഷ് ഗോകുലം, സത്യൻ, പി.കെ.സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.