മനക്കണക്കിൽ മിന്നൽപ്പിണറായി വിവേക്

Friday 19 November 2021 11:26 PM IST

ആലപ്പുഴ : ഒരു ലക്ഷം വരെയുള്ള സംഖ്യകളുടെ ഗുണനഫലം പറയാൻ കാൽക്കുലേറ്ററും കമ്പ്യൂട്ടറുമൊന്നും വേണ്ടാത്ത ഒരു മെക്കാനിക്കൽ എൻജിനീയറുണ്ട് ആലപ്പുഴയിൽ. കണക്കിനെ സ്നേഹിച്ച വിവേക് രാജ്. കണക്കിലെ സൂപ്പർ ഫാസ്റ്റ് പ്രകടനത്തിന് രണ്ട് റെക്കാഡുമുണ്ട് ഈ 31കാരന്.

പത്ത് സെക്കൻഡിൽ രണ്ട് സംഖ്യകൾ തുടർച്ചയായി 19 തവണ കൂട്ടി ഏഴക്ക സംഖ്യയിൽ എത്തിച്ചതിനും (ഉദാഹരണം: 78+78=156, 156+156=312, 312+312=624,...) ഏത് സംഖ്യയും വീണ്ടും ഗുണിച്ച് 15 സെക്കൻഡിൽ 11 അക്ക സംഖ്യയിൽ എത്തിച്ചതിനും. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ലിംക ബുക്ക് ഒഫ് റെക്കാഡ്സിലുമാണ് ഇടം നേടിയത്.

തുടർച്ചയായുള്ള രണ്ടക്ക സംഖ്യകൾ ഏറ്റവും വേഗത്തിൽ കൂട്ടിയതിന് ഏഷ്യൻ റെക്കാഡും ഏറ്റവും വേഗമേറിയ മനക്കണക്കിന് അറേബ്യൻ ബുക്ക് ഒഫ് റെക്കാഡും നേടിയിട്ടുണ്ട്.

17വർഷത്തെ പരിശ്രമത്തിലൂടെ 'മെന്റൽ മാത്‌സ് ' വിദ്യയിലൂടെയാണ് വിവേക് ഈ നേട്ടം കൈവരിച്ചത് (പേനയും പേപ്പറും ഉപയോഗിക്കാത മനസിൽ കണക്ക് കൂട്ടുന്നതാണ് മെന്റൽ മാത്‌സ് അഥവാ മനക്കണക്ക് ).

ആറാട്ടുവഴി പുത്തൻപുരയ്ക്കൽ വീട്ടിൽ റിട്ട. അദ്ധ്യാപകരായ പി.സി റാഫേലിന്റെയും ആനിക്കുട്ടിയുടെും മകനായ വിവേക് രാജ് 7-ാം ക്ലാസിൽ പഠിക്കുമ്പോൾ വാഹനങ്ങളുടെ നമ്പരുകൾ കൂട്ടിയും ഗുണിച്ചുമാണ് കണക്കിന്റെ വേറിട്ട വഴിയിലെത്തിയത്. സ്‌ക്വയർ റൂട്ടും ക്യൂബ് റൂട്ടും വേഗത്തിൽ മനസിൽ കയറി. പട്ടാളക്കാരനായ അപ്പൂപ്പൻ വർക്കിപ്പിള്ളയ്‌ക്ക് ഈ വിദ്യ വശമായിരുന്നു.

മനക്കണക്കിലെ മിന്നൽ വേഗത്തിന് ഗിന്നസ് റെക്കോഡ് ഇട്ട് ഹ്യൂമൻ കാൽക്കുലേറ്റർ എന്ന് പ്രസിദ്ധനായ അമേരിക്കക്കാരൻ സ്കോട്ട് ഫ്ലാൻസ്‌ബർഗാണ് വിവേകിന്റെ റോൾ മോഡൽ.

മാത് മാജിക് ഷോ

കാൽക്കുലേറ്ററുമായുള്ള മത്സരമാണ് മാത് മാജിക് ഷോ (Man v/s Machine challenge). കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് സ്റ്റേജിൽ ഉത്തരം പറഞ്ഞു കാൽക്കുലേറ്ററിനെ തോൽപ്പിക്കുന്ന രീതി. ഈ ഷോയിലൂടെ കുട്ടികൾക്ക് കണക്കിനോടുള്ള ഭയം മാറ്റാം. കൊവിഡ് കാലമായതിനാൽ ഓൺലൈനിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഷോ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ സ്ഥിരം വരുമാനമാണ് ലക്ഷ്യം. എ.എം.ആരിഫ് എം.പിയുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികളിലേക്ക് ഈ ഗണിതസൂത്രം കൈമാറാനാണ് ശ്രമം. ഇതിനുള്ള പ്രോജക്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറി.

'' 17 വർഷമായി മെന്റൽ മാത്‌സ് പരിശീലിക്കുന്നു. കുട്ടികളെ പരിശീലിപ്പിക്കുന്നുമുണ്ട്.കണക്ക് പഠിക്കാൻ ബുദ്ധിയല്ല , ക്ഷമയാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പിന് നൽകിയ പദ്ധതി സഫലമാകുമെന്നാണ് പ്രതീക്ഷ.

- വിവേക് രാജ്