മോഡലുകളുടെ അപകട മരണം,​ ഹോട്ടലുടമയെ രക്ഷിക്കാൻ ഇടപെട്ടത് രണ്ട് പൊലീസ് ഉന്നതർ, നടപടി വരും

Friday 19 November 2021 11:32 PM IST

 ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ശാസന

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേ‌ർ മരിച്ച ദുരൂഹമായ കാറപകടക്കേസിലെ രണ്ടാം പ്രതി ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിനെ (51) കേസിൽ നിന്ന് രക്ഷിക്കാൻ ചരടുവലിച്ചത് പൊലീസ് ആസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും കൊച്ചി സിറ്രി പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

ഇതേതുടർന്ന് ഇവർക്കെതിരെ നടപടി ഉണ്ടായേക്കും. ക്രമസമാധാന ചുമതലയിൽ നിന്ന് ഇരുവരേയും മാറ്റാനാണ് സാദ്ധ്യത.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസ് മേധാവി അനിൽ കാന്തിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുംവിധം ഇടപെട്ട ഉദ്യോഗസ്ഥരെ ഡി.ജി.പി ശാസിച്ചതായും അറിയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് നവംബ‌ർ 17ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. നമ്പ‌ർ 18 ഹോട്ടലിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥനെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ശകാരിച്ചതായും വിവരമുണ്ട്. റെയ്ഡ് വിവരം ചാനലിലൂടെ അറിഞ്ഞ് ക്ഷുഭിതനായാണ് വിളിച്ചത്. തുട‌ർന്ന് റോയ് ജോസഫിന്റെ വീട്ടിൽ രണ്ടാമത് റെയ്ഡ് നടത്താനൊരുങ്ങി പുറപ്പെട്ട സംഘം വീട്ടിൽ കയറാതെ മടങ്ങി.

റോയ് ജോസഫിനെ ചോദ്യം ചെയ്ത ദിവസം ഐ.പി.എസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തി പൊലീസ് ക്ളബ്ബിലിരുന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതും വീഡിയോ ദൃശ്യങ്ങൾ കണ്ടതുമായ വിവരങ്ങളും സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനു മുന്നിലുള്ള ഹോട്ടലിൽ ഡാൻസ് പാർട്ടിയും സമയം കഴിഞ്ഞുള്ള മദ്യം വിളമ്പലും നി‌ർബാധം നടന്നിരുന്നത് ഉന്നത സ്വാധീനംകൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

 ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാറപകടക്കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസ് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇന്നലെ നാർക്കോട്ടിക്സ് വിഭാഗം എസ്.ഐയും ഹോട്ടലിൽ പരിശോധന നടത്തി.