കത്ത് പൊട്ടിച്ച് വായിച്ചു: പോസ്റ്റുമാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ

Friday 19 November 2021 11:45 PM IST

കണ്ണൂർ: രജിസ്‌ട്രേഡ് കത്ത് മേൽവിലാസക്കാരന് നൽകാതെ പൊട്ടിച്ച് ഉള്ളടക്കം പറഞ്ഞു കൊടുത്ത പോസ്റ്റുമാനും പോസ്റ്റൽ സൂപ്രണ്ടും 50,​000 രൂപ വീതം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.

ചിറക്കൽ പോസ്റ്റ് ഓഫീസിലെ മുൻ പോസ്റ്റുമാൻ എം. വേണുഗോപാൽ മുൻ പോസ്റ്റൽ സൂപ്രണ്ട് കെ.ജി. ബാലകൃഷ്ണൻ എന്നിവർക്കാണ് പിഴശിക്ഷ വിധിച്ചത്. രണ്ടു മാസത്തിനകം തുക നൽകിയില്ലെങ്കിൽ എട്ടു ശതമാനം പലിശ കൂടി നൽകണം.

 സംഭവം ഇങ്ങനെ

ചിറക്കൽ, പുതിയ തെരുവ്, കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടിക്ക് 2008 ജൂൺ 30നാണ് ആർട്ടിസ്റ്റ് ശശികല രജിസ്റ്റേഡ് കത്തയച്ചത്. എം. വേണുഗോപാൽ ഇത് പൊട്ടിച്ച് ഉള്ളടക്കം ഹംസക്കുട്ടിയെ അറിയിച്ച ശേഷം മേൽവിലാസക്കാരനില്ലെന്നു കാണിച്ച് കത്ത് തിരിച്ചയച്ചു. സംഭവത്തിന് ബാലകൃഷ്ണൻ കൂട്ടുനിന്നു.

വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് ഹംസക്കുട്ടി അഡ്വാൻസ് വാങ്ങിയ ശേഷം വീടോ പണമോ കൊടുക്കാത്തതിനെ തുടർന്നാണ് ശശികല കത്തയച്ചത്. എന്നാൽ കത്ത് കൈപ്പറ്റാതെ ഉള്ളടക്കം മനസിലാക്കിയ ഹംസക്കുട്ടി സ്ഥലവും വീടും മറ്റൊരാൾക്ക് മറിച്ചുവിറ്റ് തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ശശികല കമ്മിഷനെ അറിയിച്ചു.
വകുപ്പുതല അന്വേഷണത്തിൽ എം. വേണുഗോപാൽ കൃത്യവിലോപം ചെയ്‌തെന്ന് കണ്ടെത്തിയെങ്കിലും സാങ്കേതിക തടസങ്ങൾ രേഖപ്പെടുത്തി കണ്ണൂർ ഉപഭോക്തൃ കമ്മിഷൻ പരാതി തള്ളി. ഇതിനെതിരെ ശശികല സംസ്ഥാന കമ്മിഷനിൽ അപ്പീൽ നൽകി. തുടർന്നാണ് അപ്പീലിൽ വീണ്ടും കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിലെത്തിയത്. പ്രസിഡന്റ് രവി സുഷ, മെമ്പർമാരായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ വിധി പ്രസ്താവിച്ചത്.

Advertisement
Advertisement