 പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ ഉദ്യോഗസ്ഥ സർവീസിൽ തുടരുന്നുണ്ടോ, എന്തു നടപടിയെടുത്തു: ഹൈക്കോടതി

Friday 19 November 2021 11:52 PM IST

 നിസാരമായി കാണാനാവില്ല, ഡി.ജി.പി സത്യവാങ്മൂലം നൽകണം

കൊച്ചി: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ സംഭവം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. കുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ സർവീസിൽ തുടരുന്നുണ്ടോയെന്നും ഇവർക്കെതിരെ എന്തു നടപടിയെടുത്തെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിത തന്നെ അപമാനിച്ച സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രന്റെ മകൾ, പിതാവ് മുഖേന നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ചോദ്യങ്ങൾ.

എട്ടു വയസുകാരിയുടെ കാര്യമാണ്. കാക്കിയിട്ട ആരെ കണ്ടാലും കുട്ടി ഭയക്കുന്ന സ്ഥിതിയാണെന്ന് പറയുന്നു. കൗൺസലിംഗ് ഉൾപ്പെടെ സഹായം ആവശ്യമുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകയോടു കോടതി പറഞ്ഞു. കൊല്ലം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ ഇപ്പോൾ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയെ കേസിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി ഡി.ജി.പി മുഖേന നോട്ടീസ് നൽകാനും ഉത്തരവിട്ടു. ഇവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി ഡി.ജി.പി സത്യവാങ്മൂലം നൽകണം. ഹർജി 29 ന് വീണ്ടും പരിഗണിക്കും.

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ ആഗസ്റ്റ് 27നായിരുന്നു സംഭവം. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് പൊലീസിനു വേണ്ടി ഹാജരായ അസി. പബ്ളിക് പ്രോസിക്യൂട്ടർ കെ. നാരായണൻ വിശദീകരിച്ചു. തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ ലോറിയിൽ കാർഗോ കൊണ്ടുപോകുന്നതു കാണാൻ പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിൽ ദേശീയപാതയോരത്ത് കാത്തു നിൽക്കുമ്പോഴാണ് പെൺകുട്ടിക്ക് പിങ്ക് പൊലീസിന്റെ അപമാനം നേരിടേണ്ടി വന്നത്. തന്റെ മൊബൈൽ പൊലീസിന്റെ വാഹനത്തിൽ നിന്നെടുത്തെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അപമാനിച്ചത്. ഫോൺ പിന്നീട് വാഹനത്തിൽ നിന്ന് ലഭിച്ചെങ്കിലും ഉദ്യോഗസ്ഥ മാപ്പു പറയാൻ പോലും തയ്യാറായില്ലെന്നും സംഭവത്തെത്തുടർന്ന് തനിക്കുണ്ടായ അപമാനത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പെൺകുട്ടി നൽകിയ ഹർജിയിൽ പറയുന്നു.

Advertisement
Advertisement