കൊടകര കുഴൽപ്പണക്കേസിലെ പ്രതി ജീവനൊടുക്കാൻ ഉറക്കഗുളിക കഴിച്ചു #കാരണം പൊലീസ് മർദ്ദനമെന്ന് മൊഴി

Friday 19 November 2021 11:55 PM IST

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതി വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേസിൽ പത്തൊൻപതാം പ്രതിയാണ്.

ഇന്നലെ രാവിലെ അവശനിലയിൽ മുറിയിൽ കിടക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിക്കുകയും കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് എഡ്വിൻ ഡോക്ടർക്കും പൊലീസിനും മൊഴി നൽകി. അന്വേഷണ സംഘം കുടുംബത്തെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു. തട്ടിയെടുത്ത പണം പൂർണമായും കണ്ടെടുക്കാനുള്ള രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

പണം തിരികെ കിട്ടാൻ മൂന്ന് തവണ എഡ്വിനെ പൊലീസ് ക്ലബിലേക്ക് വരുത്തി ചോദ്യം ചെയ്തിരുന്നു. തന്റെ വിഹിതം പൊലീസ് കൊണ്ടുപോയെന്നും ബാക്കി ഇല്ലെന്നുമാണ് എഡ്വിൻ പറയുന്നത്. നാലാം തവണ ചോദ്യം ചെയ്യൽ കഴിഞ്ഞ് വീട്ടിലെത്തിയ എഡ്വിൻ മാനസികമായും ശാരീരികമായും അവശനായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നായിരുന്നു പറഞ്ഞത്. അമ്മയെയും അച്ഛനെയും രാവും പകലുമില്ലാതെ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുന്നതിലുള്ള മനോവിഷമവും പങ്കുവച്ചിരുന്നു. ഡോക്ടർമാർ മൊഴി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.

3.5 കോടി രൂപ കവർന്ന കേസിൽ പകുതി പണം പോലും കണ്ടെടുക്കാനായിട്ടില്ല. പത്ത് ലക്ഷം രൂപയിൽ താഴെ മാത്രമാണ് രണ്ടാം ഘട്ട അന്വേഷണത്തിൽ കണ്ടെത്തിയത്.