വില കുതിക്കുന്നു : പലചരക്കും പച്ചക്കറിയും മത്സരയോട്ടം

Saturday 20 November 2021 12:01 AM IST

മലപ്പുറം: പച്ചക്കറിക്കും പലചരക്ക് സാധനങ്ങൾക്കും വില വർദ്ധിച്ചതിനെ തുടർന്ന് അടുക്കളയിലേക്കെത്തുന്ന വിഭവങ്ങളുടെ അളവും കുറഞ്ഞു. നേരത്തെ വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ ഒരു മാസത്തേക്കുള്ളതോ​ പച്ചക്കറികൾ ഒരാഴ്ച്ചത്തേക്കോ ആളുകൾ വാങ്ങിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച്ചയിൽ പച്ചക്കറികൾക്കും പലചരക്കിനും വില വലിയ തോതിൽ വർദ്ധിച്ചു. കഴിഞ്ഞ ആഴ്ച്ച വരെ 130 രൂപയുണ്ടായിരുന്ന മഞ്ഞളിന് ഇപ്പോൾ 150 രൂപയാണ് വില. 90 രൂപയ്ക്ക് ലഭിച്ചിരുന്ന വൻപയറിനിപ്പോൾ 110 രൂപ കൊടുക്കണം. ഇത്തരത്തിൽ സകല ഭക്ഷ്യ ഉത്പന്നങ്ങൾക്കും വില ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ അതിതീവ്ര മഴയും ഇന്ധന വില വർദ്ധനയുമാണ് വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. പെയ്തിറങ്ങിയ പെരുമഴ തമിഴ്നാട്ടിലെ പ്രധാന കൃഷികൾ വലിയ തോതിൽ നശിക്കാൻ കാരണമായി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലോഡെടുത്ത് ജില്ലയിലേക്കെത്തുന്ന വാഹനങ്ങൾക്ക് ഇന്ധനത്തിനായി വലിയ തുകയും ചെലവഴിക്കണം. മുരിങ്ങയ്ക്ക,​ വെണ്ട, തക്കാളി എന്നിവയ്ക്ക് വില ഇരട്ടിയായി വർദ്ധിച്ചു. കഴിഞ്ഞ മാസം വരെ 50 രൂപയ്ക്ക് ലഭിച്ചിരുന്ന മുരിങ്ങാക്കായക്കിപ്പോൾ 130 രൂപ കൊടുക്കണം. 34 രൂപയുണ്ടായിരുന്ന തക്കാളിക്കിപ്പോൾ 66 രൂപയാണ് വില. ഉഴുന്നിനും അരിക്കുമെല്ലാം വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ആശങ്കയിൽ ചെറുകിടക്കാർ

ജില്ലയിലെ മാർക്കറ്റിലേക്കെത്തുന്ന ഉത്പന്നങ്ങളെല്ലാം വലിയ വില കൊടുത്താണ് വൻകിട കച്ചവടക്കാരും വാങ്ങിക്കുന്നത്. ഈ നിരക്കിൽ പലചരക്ക്, പച്ചക്കറി ഉത്പന്നങ്ങൾ ചെറുകിടക്കാർക്ക് വാങ്ങാൻ സാധിക്കില്ല. വില കൂടിയത് കാരണം ആവശ്യക്കാർ കുറവാണെന്നുള്ളതും ആശങ്കയാവുകയാണ്. ഇവർക്ക് ഒന്നോ,​ രണ്ടോ രൂപ വില കൂട്ടി വിൽക്കുകയല്ലാതെ മറ്റു മാർഗ്ഗവുമില്ല. വാങ്ങിക്കുന്നതിന്റെ അളവ് കുറഞ്ഞതോടെ പച്ചക്കറികൾ കേടുവരുന്നതും പതിവായി.

ഹോട്ടലുടമകളും പ്രതിസന്ധിയിൽ

പലചരക്കിനും പച്ചക്കറിക്കും വില വർദ്ധിച്ചതോടെ ഹോട്ടലുടമകളും പ്രതിസന്ധിയിലായി. ഉയർന്ന വിലയ്ക്ക് പലചരക്ക് പച്ചക്കറി വിഭവങ്ങൾ വാങ്ങിക്കുമെങ്കിലും ഹോട്ടൽ ഭക്ഷണ വിഭവങ്ങൾക്ക് പെട്ടെന്ന് വില വർദ്ധിപ്പിക്കാൻ സാധിക്കില്ല. ചെറുകിട ഹോട്ടലുടമകളാണ് ഇവിടെയും പ്രതിസന്ധിയിലാവുന്നത്.

പലചരക്ക് വില ഇങ്ങനെ

കഴിഞ്ഞ ആഴ്ച്ച ഇപ്പോൾ

മല്ലി 110 120

മഞ്ഞൾ 130 150

വൻപയർ 90 110

കടല 85 100

കടുക് 90 105

പച്ചക്കറി

വെണ്ട 50 80

തക്കാളി 34 66

മുരിങ്ങയ്ക്ക 50 130

പയർ 50 70

ഓരോ ദിവസവും വലിയ അളവിൽ പച്ചക്കറികൾ കേട് വന്ന് നശിക്കാറുണ്ട്. വില വർദ്ധിച്ചതോടെ ഇങ്ങനെയുള്ള നഷ്ടവും വർദ്ധിച്ചു. കടയിലെത്തുന്ന ആളുകൾ വളരെ കുറഞ്ഞ സാധനങ്ങൾ മാത്രമാണ് വാങ്ങിക്കുന്നത്.

അഫ്സൽ

പച്ചക്കറി കട,​ കോട്ടയ്ക്കൽ

Advertisement
Advertisement