കെ.എസ്.ആർ.ടി.സി 250 സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കുന്നു

Saturday 20 November 2021 12:00 AM IST

കൊച്ചി: 2,885 ബസുകൾ വെറുതേ കിടന്ന് നശിക്കുമ്പോൾ ,ഡ്രൈ ലീസ് വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ ടെൻഡർ വിളിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 250 ബസുകളാണെടുക്കുന്നത്. 26 ന് ഉച്ചയ്ക്ക് 3 മണിവരെ ഓൺലൈനായി ടെൻഡർ സമർപ്പിക്കാം. മൂന്നു വർഷത്തേക്കാണ് കരാർ. നാല് വർഷത്തിലേറെ ബസിന് പഴക്കമുണ്ടാകരുത്.

പുത്തൻ ബസുകൾ നൽകിയാൽ മൂന്നു വർഷത്തിൽ കൂടുതൽ കാലത്തേക്ക് കരാർ നൽകുന്നതും പരിഗണിക്കും. ദീർഘദൂര സർവീസുകൾക്കായി ഇവ ഓടിക്കുന്നതിനാണ് മുൻഗണന. സിറ്റികളിൽ ഫീഡർ സർവീസായും ഉപയോഗിക്കും. കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറുമാകും വണ്ടിയിൽ.

മാനദണ്ഡങ്ങൾ:

 ദിവസവും സർവീസിന് ശേഷം കരാറുകാരുടെ പ്രതിനിധി ബസുകൾ പരിശോധിച്ച് കേടുപാടില്ലെന്ന് ഉറപ്പാക്കണം. പിന്നീടുള്ള അറ്റകുറ്റപ്പണികൾക്ക് കെ.എസ്.ആർ.ടി.സിക്ക് ഉത്തരവാദിത്വമില്ല.

 സ‌ർവീസ് കിലോമീറ്ററിന്റെ 75 ശതമാനം തുക പ്രതിദിനം ഉടമയ്ക്ക് നൽകും. ബാക്കി 15 ദിവസം കൂടുമ്പോൾ ബിൽ നൽകുന്ന മുറയ്ക്ക്.

 മെയിന്റനൻസ്, ടയർ, ഇൻഷ്വറൻസ് എന്നിവ ഉടമ വഹിക്കണം. സ്റ്റേജ് കാര്യേജ് പെർമിറ്റ് കെ.എസ്.ആർ.ടി.സി എടുക്കും.

 കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ഒരു വാതിലേ പാടുള്ളൂ. ദീർഘ ദൂര ബസല്ലാത്തവയ്ക്ക് രണ്ട് ഡോർ വേണം.

 കെ.എസ്.ആർ.ടി.സി നിർദ്ദേശിക്കുന്ന നിറവും ഡിസൈനുമാകണം

ബസുകളുടെ

എണ്ണം

 പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി 10

 എ.സി സെമി സ്ലീപ്പർ 20

 നോൺ എ.സി എയർ സസ്‌പെൻഷൻ 20

 നോൺ എ.സി മിഡി ബസ് (ഫ്രണ്ട് എഞ്ചിൻ) 100

 നോൺ എസി മിഡി ബസ് 100

ഡ്രൈ ലീസ് നീക്കം വലിയ അഴിമതിയാണ്. കെ.എസ്.ആർ.ടി.സിയുടെ ബസുകൾ ഒതുക്കിയിട്ട് നശിപ്പിച്ചവർ വാടക ബസ് എന്ന ആശയവുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

-കെ.എൽ രാജേഷ്
ജനറൽ സെക്രട്ടറി
കെ.എസ്.ടി എംപ്ലോയീസ് സംഘ്