പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു
Saturday 20 November 2021 1:20 AM IST
പാലക്കാട്: വിവാദപരമായ മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. വൈകിവന്ന തീരുമാനമാണെങ്കിലും യോഗം അഭിനന്ദനം രേഖപ്പെടുത്തി. ഉടൻ പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ല് പാസാക്കിയെടുത്ത് രാഷ്ട്രപതി ഒപ്പിടണമെന്നും ഇപ്പോൾ നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓൺലൈനായി ചേർന്ന യോഗത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. കെ. അബ്ദുൾ അസീസ്, ആറുമുഖൻ, സജീഷ് കുത്തനൂർ, കെ.ആർ. ഹിമേഷ്, എസ്. അധിരധൻ, വേലായുധൻ, കെ.എം. ബീവി, കെ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.