ഇന്ത്യയിൽ നിയമനങ്ങൾ ഉഷാറാക്കാൻ സ്റ്റാർലിങ്ക്

Saturday 20 November 2021 3:59 AM IST

ന്യൂ‌ഡൽഹി: ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്‌ക് നയിക്കുന്ന ബഹിരാകാശ പര്യവേക്ഷണ ടെക്‌നോളജി കമ്പനിയായ സ്‌പേസ്എക്‌സിന്റെ ബ്രോഡ്ബാൻഡ് വിഭാഗമായ സ്‌റ്റാർലിങ്ക്, ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുന്നതിന്റെ മുന്നോടിയായി നിയമനങ്ങൾ സജീവമാക്കുന്നു. കൺട്രി ഹെഡ്ഡായി സഞ്ജയ് ഭാർഗവയെ നിയമിച്ചിരുന്നു. ഇപ്പോൾ, റൂറൽ ട്രാൻസ്ഫർമേഷൻ ഡയറക്‌ടറെ നിയമിക്കാനും ഒരുങ്ങുകയാണ് കമ്പനി.

തിരഞ്ഞെടുത്ത മേഖലകളിൽ സ്‌റ്റാർലിങ്ക് ടെക്‌നോളജി അവതരിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് റൂറൽ ട്രാൻസ്ഫർമേഷൻ ഡയറക്‌ടറുടെ ദൗത്യം. ടെലികോം കമ്പനികളുമായി സഹകരിച്ച് 2022ഓടെ ഇന്ത്യയിൽ സേവനത്തിന് തുടക്കമിടുകയാണ് കമ്പനിയുടെ ലക്ഷ്യം.

മുഖ്യമായും ഗ്രാമീണ മേഖലകളെയാണ് ലക്ഷ്യമിടുന്നത്.

തുടക്കത്തിൽ (ബീറ്റ ഘട്ടം) സെക്കൻഡിൽ 50 മുതൽ 150 വരെ മെഗാബിറ്റ് ഇന്റർനെറ്റ് വേഗമാണ് സ്‌റ്റാർലിങ്ക് ലഭ്യമാക്കുക. ഇതിനകം 5,000 പ്രീ-ഓർഡറുകൾ സ്‌റ്റാർലിങ്കിന് ലഭിച്ചു. ഉപഭോക്താവിൽ നിന്ന് 99 ഡോളർ നിക്ഷേപം ഈടാക്കിയാണ് സേവനം ലഭ്യമാക്കുക.