തമിഴ്നാടുമായി കൈകോർത്ത് നോർക്കയും ഡോ.എ.വി. അനൂപും

Saturday 20 November 2021 3:06 AM IST

 വോളന്റിയർമാർക്ക് പരീശീലനം നൽകും

ചെന്നൈ: പ്രകൃതിക്ഷോഭം നേരിടാനും അവശ്യനടപടികൾ അതിവേഗം സ്വീകരിക്കാൻ പ്രാപ്‌തരാക്കാനുമായി വോളന്റിയർമാർക്ക് പരിശീലനം നൽകാൻ തമിഴ്നാട് റവന്യൂ വകുപ്പിന് കീഴിലെ ഡിസാസ്‌റ്റർ മാനേജ്‌മെന്റ് വിഭാഗവുമായി നോർക്ക ഹെൽപ്പ് ഡെസ്‌ക് സഹകരിക്കുന്നു. ഇതു സംബന്ധിച്ച് നോർക്ക ഓഫീസർ അന്നു പി. ചാക്കോയും നോർക്ക ഹെൽപ് ഡെസ്‌ക് അംഗവും മെഡിമിക്‌സ് സോപ്പിന്റെ നിർമ്മാതാക്കളായ എ.വി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടറുമായ ഡോ.എ.വി. അനൂപും ഡിസാസ്‌റ്റർ മാനേജ്‌മെന്റ് വിഭാഗം ഉന്നത ഉദ്യോഗസ്ഥരായ ഡോ.ആർ. മുരുഗാനന്ദൻ, ഡോ.ടി. അറുമുഖം എന്നിവരുമായി ചർച്ച നടത്തി.

കുറഞ്ഞത് 30 പേരടങ്ങിയ സംഘത്തിന് 12 ദിവസത്തെ സൗജന്യ പരിശീലനം ലഭ്യമാക്കാമെന്ന് ഡോ.ആർ. മുരുഗാനന്ദനും ഡോ.ടി. അറുമുഖവും വ്യക്തമാക്കി. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. മിനിമം 30 പേരുള്ള ഗ്രൂപ്പിന് ഒരു ദിവസത്തെ പരീശീലനവും നൽകും. ഇതിന് ഒരാൾക്ക് 1,000 രൂപയാണ് നിരക്ക്.

പരിശീലനത്തിൽ പങ്കെടുക്കാൻ മലയാളി സംഘടനകൾ മുന്നോട്ടുവന്നാൽ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും താത്പര്യമുള്ളവർ നോർക്ക ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടണമെന്നും അന്നു പി. ചാക്കോ പറഞ്ഞു.

സഹായഹസ്‌തവുമായി

ഡോ.എ.വി. അനൂപ്

പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ട കന്യാകുമാരിയിലെ രണ്ട് ഗ്രാമങ്ങളിലെ 600ഓളം കുടുംബങ്ങൾക്ക് ഡോ.എ.വി. അനൂപ് ഭക്ഷ്യവസ്‌തു കിറ്റ് നൽകും. തമിഴ്നാട് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് വിഭാഗത്തിന്റെ അഭ്യർത്ഥന മനിച്ചാണിത്. മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങളുള്ള കിറ്റാണ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് വിഭാഗം മുഖേന നൽകുന്നത്.

 ഫോട്ടോ:

ഡിസാസ്‌റ്റർ മാനേജ്‌മെന്റ് വിഭാഗം ഉന്നത ഉദ്യോഗസ്ഥരായ ഡോ.ആർ. മുരുഗാനന്ദൻ, ഡോ.ടി. അറുമുഖം എന്നിവരെ സന്ദർശിക്കുന്ന നോർക്ക ഓഫീസർ അന്നു പി. ചാക്കോയും എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ഡോ.എ.വി. അനൂപും.