ഭക്ഷ്യവസ്‌തു വില ഇനിയും കുറയ്ക്കും: മന്ത്രി അനിൽ

Saturday 20 November 2021 3:07 AM IST

കൊച്ചി: ഭക്ഷ്യവസ്‌തുക്കളുടെ സംഭരണരീതി സപ്ലൈകോ കുറ്റമറ്റതാക്കുമെന്നും ഭക്ഷ്യവസ്‌തുവില ഇനിയും കുറയ്ക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈകോ ആസ്ഥാനമായ എറണാകുളം മാവേലി ഭവനിൽ നടന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംബന്ധിക്കുകയായിരുന്നു മന്ത്രി.

ടെൻഡറിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ഉത്പന്നങ്ങളുടെ സാമ്പിൾ മന്ത്രിയുടെ ഓഫീസ് മുതൽ ഡിപ്പോവരെ പരിശോധനയ്ക്ക് നൽകണം. 14 ജില്ലകളിലും ഡിപ്പോകളിലെ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമേ ഉത്പന്നങ്ങൾ സംഭരിക്കൂ. ഗുണനിലവാരം ഉറപ്പാക്കാൻ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുതന്നെ സംഭരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. സപ്ളൈകോ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അലി അസ്ഗർ പാഷ, ജനറൽ മാനേജർ ടി.പി. സലിംകുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

മരുന്നുവിലയും താഴേക്ക്

ഇംഗ്ലീഷ് മരുന്നുകളുടെ വില്പന കാര്യക്ഷമമാക്കാനായി വില വീണ്ടും കുറയ്ക്കും. ഇൻസുലിൻ ഉത്പന്നങ്ങൾക്ക് എം.ആർ.പിയിൽ 50 ശതമാനം മാർജിനുള്ളവയുടെ (ലാഭം) വില വാങ്ങൽവിലയുടെ 20 ശതമാനം മുതൽ 22 ശതമാനം വരെയാക്കും. ഇത് ഉപഭോക്താക്കൾക്ക് നേട്ടമാകും. ഇൻസുലിനിതര ഉത്പന്നങ്ങൾക്ക് കുറഞ്ഞയിളവ് 13 ശതമാനമാണ്. 50 ശതമാനത്തിലധികം മാർജിനുള്ളവയുടെ വില്പനവില വാങ്ങൽവിലയുടെ 25 ശതമാനമാക്കി. മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾ, എഫ്.എം.സി.ജി എന്നിവയ്ക്കും വില്പനവില കുറയ്ക്കും.