പമ്പ അണക്കെട്ട് തുറന്നു: സമീപ പ്രദേശങ്ങളിലുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം

Saturday 20 November 2021 3:31 PM IST

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ പ്രധാന അണക്കെട്ടായ പമ്പ ഇന്നുച്ചയോടെ തുറന്നു. രണ്ട് ഷട്ടറുകളാണ് തുറന്നത്. സെക്കന്റിൽ ഇരുപത്തിയഞ്ച് ക്യുമെക്സ് മുതൽ നൂറ് ക്യുമെക്സ് വരെയാണ് വെള്ളം ഒഴുക്കിവിടുന്നത്. ജനവാസ മേഖലകളിൽ പത്ത് സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ വെള്ളം പമ്പാ നദിയിലേയ്ക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷം പുറത്തേയ്ക്ക് ഒഴുക്കി വിട്ടു തുടങ്ങിയ വെള്ളം പമ്പാനദിയിലൂടെ വൈകിട്ട് ആറുമണിയോടെ ശബരിമല പമ്പാ ത്രിവേണിയിൽ എത്തിച്ചേരും.

അതേസമയം മഴ കുറ‌ഞ്ഞതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കി. ഇന്ന് രാവിലെ ഒൻപത് മണിമുതൽ പമ്പയിലെത്തിയ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കയറ്റിവിട്ടു തുടങ്ങി.നിലയ്ക്കൽ നിന്നും സന്നിധാനത്തേയ്ക്ക് ഘട്ടം ഘട്ടമായാണ് ഭക്തരെ കയറ്റിവിടുന്നത്. എരുമേലി, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തങ്ങിയിരുന്ന തീർത്ഥാടകരെയും നിലയ്ക്കലേയ്ക്ക് വിട്ടു.

Advertisement
Advertisement