സംസ്ഥാനത്ത് ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കും: മന്ത്രി പി.രാജീവ്

Sunday 21 November 2021 3:44 AM IST

 കെ.എസ്.ഐ.ഡി.സി കോഴിക്കോട് ഓഫീസ് തുറന്നു

കോഴിക്കോട്: സംസ്ഥാനത്ത് ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കുമെന്നും ഇതിനായി ലോജിസ്റ്റിക് നയം തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുടെ മൂന്നാം ഓഫീസ് കോഴിക്കോട് യു.എൽ. സെെബർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാർക്കിനായി കെ.എസ്.ഐ.ഡി.സി., കിൻഫ്ര, സിഡ്കോ തുടങ്ങിയ വ്യവസായ പാർക്കുകളിലെ സ്ഥലലഭ്യത പരിശോധിക്കുന്നുണ്ട്. ഡിസംബറോടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകും.

കെ.എസ്.ഐ.ഡി.സിയുടെ ചേർത്തലയിലെ മെഗാ ഫുഡ് പ്രോസസിംഗ് പാർക്ക് ജനുവരിയോടെ ഉദ്ഘാടനം ചെയ്യും. വ്യവസായ അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത്. അതിന് ഗുണകരമാംവിധം ലാൻഡ് അലോട്ട്‌മെന്റ് നയം, പ്രൈവറ്റ് ഇൻഡസ്ട്രിയൽ പോളിസി എന്നിവ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലബാറിലെ വ്യവസായ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഊർജിതമാക്കാനും ലക്ഷ്യമിട്ടാണ് കെ.എസ്.ഐ.ഡി.സി കോഴിക്കോട് ഓഫീസ് തുറന്നത്.

മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി., ടി.പി. രാമകൃഷ്ണൻ എം.എൽ.എ., മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൗൺസിലർ സുജാത കൂടത്തിങ്കൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ജനറൽ മാനേജർ ജി. അശോക് ലാൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement