അനി ഗോപിനാഥ് ടെസ്റ്റ്ഹൗസ് ഗ്രൂപ്പ് സി.ഇ.ഒ

Sunday 21 November 2021 3:49 AM IST

തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള പ്രമുഖ ബഹുരാഷ്ട്ര സോഫ്‌റ്റ്‌വെയർ ടെസ്റ്റിംഗ് കമ്പനിയായ ടെസ്റ്റ്ഹൗസ് ഗ്രൂപ്പിന്റെ സി.ഇ.ഒ ആയി അനി ഗോപിനാഥ് ചുമതലയേറ്റു. കമ്പനിയുടെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ടെസ്റ്റ്ഹൗസിന്റെ തുടക്കം മുതൽ നിർണായകമായ പങ്കുവഹിച്ചിരുന്ന അനി ഗോപിനാഥ്, കമ്പനിയുടെ യു.കെ പ്രവർത്തനങ്ങളുടെയും ആഗോള പ്രോജക്‌റ്റ് ഡെലിവറിയുടെയും ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. 25 വർഷത്തെ പ്രവർത്തനപരിചയമുള്ള അനി ഗോപിനാഥ്, ഫോർച്യൂൺ 100 സ്ഥാപനങ്ങളുമായുള്ള കമ്പനിയുടെ ശ്രദ്ധേയമായ കരാറുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

നൂതന രീതികളിലൂടെയും ആധുനിക സാങ്കേതികവിദ്യകളിലൂടെയും മികച്ച ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്ന ലോകത്തെ മുൻനിര ബ്രാൻഡുകളിലൊന്നായി ടെസ്റ്റ്ഹൗസിനെ നയിക്കുകയാണ് ലക്ഷ്യമെന്ന് അനി ഗോപിനാഥ് പറഞ്ഞു. സുസ്ഥിരമായ വളർച്ച മുന്നിൽക്കണ്ട് വരുംവർഷങ്ങളിൽ 7,000 ജീവനക്കാരുള്ള സ്ഥാപനമായി മാറാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.