വാക്സിനേഷനിൽ പിന്നോട്ടു നടന്ന് ജില്ല

Sunday 21 November 2021 1:59 AM IST

കൊല്ലം: മറ്റുള്ള ജില്ലകളിൽ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുതിച്ചുയരുമ്പോൾ ജില്ലയിൽ സമ്പൂർണ വാക്സിനേഷൻ 63 ശതമാനം മാത്രം. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഡിസംബർ അവസാനത്തോടെ വാക്സിൻ വിതരണം നടത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. എന്നാൽ ഒന്നാം ഡോസ് സ്വീകരിക്കാൻ ഇനിയും അരലക്ഷത്തോളം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.

കൃത്യമായ ഇടവേളയ്ക്ക് ശേഷവും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് മറ്റുള്ള ജില്ലകളിൽ വാക്സിനേഷൻ മുന്നിട്ടുനിൽക്കുമ്പോൾ ജില്ലയിൽ പിന്നാക്കം പോയ അവസ്ഥയാണുള്ളത്. ആദ്യഡോസ് വിതരണ സമയത്ത് ചിലദിവസങ്ങളിൽ 50,000 ത്തിലധികം വാക്സിൻ വിതരണം ചെയ്തിരുന്നു. എന്നാൽ നിലവിൽ 20,000 ത്തിന് മുകളിൽ എത്തിയിട്ടില്ല. പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ ജില്ലയിൽ ഇപ്പോഴും 95 ശതമാനം പോലുമായിട്ടില്ല.

ഇടുക്കി ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ 97 ശതമാനം പേരും ആദ്യ ഡോസ് എടുത്തിട്ടുണ്ട്. 76 ശതമാനം പേർക്ക് വാക്‌സിൻ നൽകിയ വയനാടാണ് സമ്പൂർണ വാക്‌സിനേഷനിൽ മുന്നിലുള്ളത്. 73 ശതമാനം പേർക്ക് സമ്പൂർണ വാക്‌സിനേഷൻ നൽകിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പിന്നിൽ. ആരോഗ്യ പ്രവർത്തരും കൊവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. കൊവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കൊവാക്‌സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കണം.

# ജില്ലയിലെ വാക്സിനേഷൻ

 ആകെ വിതരണം ചെയ്ത ഡോസുകൾ: 32.26 ലക്ഷം

 ഒന്നാം ഡോസ്: 19.68 ലക്ഷം

 രണ്ടാം ഡോസ്: 12.58 ലക്ഷം

 പുരുഷന്മാർ: 14.78 ലക്ഷം

 സ്ത്രീകൾ: 17.47 ലക്ഷം

 60 വയസിന് മുകളിലുള്ളവർ: 8.95 ലക്ഷം

 45നും 59 നുമിടയിലുള്ളവർ: 9.76 ലക്ഷം

 18നും 44 നുമിടയിലുള്ളവർ: 13.55 ലക്ഷം

...................................

 കൊവിഷീൽഡ്: 28.47 ലക്ഷം

 കൊവാക്സിൻ: 3.74 ലക്ഷം

...............................

രോഗവ്യാപനം കുറയുകയാണെങ്കിലും ഭീഷണി പൂർണമായി ഒഴിവായിട്ടില്ല. വാക്‌സിൻ കൃത്യമായ ഇടവേളയിൽ സ്വീകരിച്ച് പ്രതിരോധശേഷി ഉറപ്പാക്കണം. തൊട്ടടുത്ത ആരോഗ്യ കേന്ദ്രം, ആശാപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട് വാക്‌സിനേഷൻ നടത്തണം

ഡോ. മണികണ്ഠൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്

Advertisement
Advertisement