ഇത് ശ്മശാന (ബസ്)​ഭൂമി

Sunday 21 November 2021 12:28 AM IST

കൊച്ചി: കൊവിഡിന് ശേഷം ഡിപ്പോകളിൽ വരുമാനം കൂടുമ്പോഴും ജില്ലയിൽ ഓർഡിനറി ബസുകൾ അടക്കം 240 ഓളം ബസുകൾ ആക്രിയായി നശിക്കുന്നു. വിവിധ ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലുമായി ലോക്ക്ഡൗൺ കാലത്ത് കയറ്റിയിട്ടവയാണ് ഈ ബസുകൾ. ലോ ഫ്ളോർ എ.സി ഉൾപ്പടെ ഏഴുവർഷം പഴക്കമുള്ള ബസുകൾ പോലും ഇവയിലുണ്ട്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ കാരിക്കാമുറി, ആലുവ വർക്ക് ഷോപ്പ്, തേവര കെ.യു.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളാണ് ബസുകളുടെ ശവപ്പറമ്പ്. ജൻ‌റം എ.സി, നോൺ എ.സി, ഓർഡിനറി ബസുകളും ഇവിടെയുണ്ട്. പലതിന്റേയും ബോഡി ഉൾപ്പെടെ നശിച്ച സ്ഥിതിയാണ്.


ആദ്യ അടച്ചിടൽ സമയത്ത് ബസുകൾ സ്റ്റാർട്ടാക്കി സ്റ്റാൻഡുകളിൽ തന്നെ ചെറുതായി ഓടിച്ച് സംരക്ഷിച്ചുവന്നിരുന്നു. രണ്ടാം അടച്ചിടലിൽ ഈ രീതി മാറ്റി. അധികമുള്ള ബസുകൾ യൂണിറ്റുകളിൽനിന്ന് പാർക്കിംഗ് സ്ഥലത്തേക്ക് മാറ്റണമെന്ന് ഏപ്രിൽ 15ന് ഉത്തരവ് വന്നു. ഇതോടെ കെ.എസ്.ആർ.ടി.സിയുടെ പാർക്കിംഗ് യൂണിറ്റുകളിലും വർക്ക്‌ഷോപ്പുകളിലുമായി ബസുകൾ കയറ്റിയിട്ടു. പല ഘട്ടങ്ങളായി എറണാകുളത്തെ കാരിക്കാമുറിയിൽ നിന്ന് 50 ഓളം ബസുകൾ സർവീസിനായി അറ്റകുറ്റപ്പണി നടത്തി സർവീസിലേക്ക് മാറ്റി. സംസ്ഥാനത്താകെ ഇങ്ങനെ 2,885 ബസുകൾ തുരുമ്പെടുക്കുന്നുണ്ട്. ഇതി 2000 എണ്ണം ഇപ്പോഴും ഡോക്ക് ചെയ്ത് ഇട്ടിരിക്കുകയാണ്.

 ശവപ്പറമ്പായി വർക്ക് ഷോപ്പുകൾ

വർക്ക് ഷോപ്പുകളും പാർക്കിംഗ് ഏരിയകളും ബസുകളുടെ ശവപ്പറമ്പായ സ്ഥിതിയാണ്. എല്ലാ ടയറുകളും ഇളക്കിമാറ്റി ഡമ്മി ടയറുകൾ ഘടിപ്പിച്ചാണ് ബസുകൾ കയറ്റിയിട്ടത്. ഡീസൽ ടാങ്ക് കാലിയാക്കുകയും ബാറ്ററികൾ ഇളക്കിമാറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ പല ഭാഗങ്ങളും ഇളക്കി മാറ്റിയ സ്ഥിതിയാണ്.

ഒരു കെ.യു.ആർ.ടി.സി ബസ് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കണമെങ്കിൽ 40 ലക്ഷം രൂപ ചെലവാക്കണം. ഓർഡിനറിക്ക് ഒന്നിന് 20,000-50,000 രൂപ വരെ ചെലവാകും.

 ഫാസ്റ്റ് പാസഞ്ചർ രാജ്
ഓർഡിനറി സർവീസ് പൂർണതോതിൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറായിട്ടില്ല. ഫാസ്റ്റ് പാസഞ്ചറുകളാണ് കൂടുതലും ഓടിക്കുന്നത്. പ്രതിദിനം എട്ടര ലക്ഷം രൂപയാണ് എറണാകുളം ഡിപ്പോയിലെ വരുമാനം. കൂടുതൽ ബസുകൾ ഓടിച്ചാൽ വരുമാനത്തിലും വർദ്ധനവുണ്ടാവും.

ഡോക്ക് ചെയ്തിട്ട ബസുകൾ
എറണാകുളം കാരിക്കാമുറി : 70-100
ആലുവ കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പ് : 80-100
തേവര കെ.യു.ആർ.ടി.സി. സ്റ്റാൻഡ് : 40

Advertisement
Advertisement