മോഹൻലാൽ മനസിൽ കണ്ട ബറോസിനെ സൃഷ്ടിച്ച് സേതു

Sunday 21 November 2021 12:50 AM IST

തിരുവനന്തപുരം: മോഹൻലാൽ സംവിധായകനും നായകനുമാകുന്ന വമ്പൻ പ്രോജക്‌ടായ 'ബറോസ് " ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന തരത്തിൽ ഒരുങ്ങുമ്പോൾ, ഗാമയുടെ നിധി കാക്കും ഭൂതമായ ബറോസിനെ ഗംഭീര ഭാവത്തിൽ രൂപപ്പെടുത്തിയത് ഓച്ചിറ സ്വദേശി സേതു ശിവാനന്ദൻ.

അധികമാരും കേൾക്കാത്ത ക്യാരക്‌ടർ കൺസപ്‌ട് ആർട്ടിലാണ് സേതുവിന്റെ കരവിരുത്. ഹോളിവുഡിലും ബോളിവുഡിലും വൻതുക മുടക്കി ചെയ്യുന്ന പ്രോസ്‌തെറ്റിക്‌സ് മേക്കിംഗ് മലയാള സിനിമയ്ക്ക് താങ്ങാവുന്ന ചെലവിൽ സേതു ഓച്ചിറയിലെ 'സേതൂസ് കൺസപ്‌ട്സ്' സ്റ്റുഡിയോയിൽ ചെയ്യുന്നു. പ്രോസ്‌തെറ്റിക്‌സ് മേക്കിംഗ് നിർവഹിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്‌റ്റുഡിയോ ആണിത്.

ഒടിയനിൽ തുടങ്ങി ബറോസ്, ട്വൽത്ത് മാൻ, എലോൺ തുടങ്ങിയ മോഹൻലാലിന്റെ വമ്പൻ പ്രോജക്‌ടുകളിൽ കഥാപാത്രങ്ങളുടെ രൂപം സേതുവിന്റെ തലയിൽ ഉദിച്ചതാണ്. കൊച്ചിയിലെ ലുലു മാൾ ഉദ്‌ഘാടനവേളയിൽ യു.എ.ഇ ഭരണാധികാരിക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന്റെ ചിത്രം മോഹൻലാലിന് വരച്ചും നൽകി.

സുരേഷ് ഗോപിയുടെ ബിഗ് ബഡ്‌‌ജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇതിന്റെയും കുറുപ്പ്, പാപ്പൻ, വൺ, പത്തൊമ്പതാം നൂറ്റാണ്ട്, തലൈവി, പത്തേമാരി, ആമി, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകളുടെയും ക്യാരക്‌ടർ ഡിസൈനർ സേതുവാണ്.

സിലിക്കോൺ റബ്ബർ,​ മോൾഡ് മേക്കിംഗ് പ്ളാസ്‌റ്റർ,​ വാക്‌സ് ക്ളേ തുടങ്ങിയ വസ്‌തുക്കളാണ് ഇതിന് ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്നവയാണിവ. കൃത്യമായ ആസൂത്രണവും ക്ഷമയും വേണം. സംവിധായകനോ തിരക്കഥാകൃത്തോ മനസിൽ കാണുന്നത് അവർക്ക് മുന്നിൽ സൃഷ്‌ടിച്ചെടുക്കണം.

തമിഴ്,​ തെലുങ്ക്,​ കന്നഡ ചിത്രങ്ങൾക്ക് വേണ്ടിയും സേതൂസ് കൺസപ്‌ട്സ് വർക്കുകൾ ചെയ്യുന്നുണ്ട്. കന്നഡ സൂപ്പർതാരം ദർശൻ നായകനാകുന്ന 'രാജവീര മദകരി നായക'യുടെ ക്യാരക്‌ടർ കൺസപ്‌ടും പ്രോസ്‌തെറ്റിക് വർക്കും തയ്യാറാക്കിവരികയാണ്. നയൻതാര നായികയാകുന്ന തമിഴ് ചിത്രത്തിന്റെ വർക്കും ഇതിനൊപ്പം ചെയ്യുന്നു.

മാവേലിക്കര രാജാരവിവർമ്മ കോളേജിൽ നിന്ന് ഫൈൻ ആ‌ട്സിൽ ബിരുദം നേടിയിട്ടുണ്ട് സേതു. അച്ഛൻ ശിവാനന്ദനിൽ നിന്നാണ് ചിത്രകലയുടെ ബാലപാഠങ്ങൾ പഠിച്ചത്. അമ്മ ലീല, സഹോദരി ഇന്ദു. വയലിനിസ്റ്റാണ്.

Advertisement
Advertisement