കർഷകർക്ക് താങ്ങായി സിയാൽ മോഡലിൽ 'കാബ്കോ' കമ്പനി

Sunday 21 November 2021 12:00 AM IST

ആലപ്പുഴ: കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയ്‌ക്കും വിപണനത്തിനുമായി, സിയാൽ മോഡലിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) ഉടൻ ആരംഭിക്കും. വിദഗ്ദ്ധസമിതി രണ്ടാഴ്ചയ്‌ക്കുള്ളിൽ ബിസിനസ് മോഡൽ സർക്കാരിന് സമർപ്പിക്കും. ഇത് അംഗീകരിക്കുന്നതോടെ കമ്പനി നിലവിൽ വരും.

ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയ്‌ക്കായി സ്ഥാപിക്കുന്ന അഞ്ച് അഗ്രോ പാർക്കുകളുടെ നടത്തിപ്പ് കമ്പനിക്കായിരിക്കും. കൃഷിവകുപ്പിന്റെ സ്ഥലത്ത് നിർമ്മിക്കുന്ന പാർക്കുകൾക്കായി കിഫ്ബി 100.5 കോടി രൂപ അനുവദിച്ചിരുന്നു. കമ്പനി വരുന്നതോടെ വിദേശ വിപണി ഉറപ്പാക്കാം. കൃഷി വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷയും ഡയറക്‌ടർ കൺവീനറുമായ സമിതിയാണ് ഘടനയും പ്രവർത്തനവും തയ്യാറാക്കിയത്.

5 അഗ്രോ പാർക്കുകൾ

 തൃശൂർ കണ്ണറയിൽ ബനാന ആൻഡ് ഹണി പാർക്ക്

 കോഴിക്കോട്ടെ വേങ്ങേരിയിലും കൂത്താളിയിലും നാളികേര പാർക്ക്

 പാലക്കാട് മുതലമടയിൽ മാംഗോ പാർക്ക്

 വട്ടവടയിൽ പച്ചക്കറി പാർക്ക്

കമ്പനിയുടെ ലക്ഷ്യങ്ങൾ

1.അഗ്രോ പാർക്കുകളുടെ നടത്തിപ്പ്

2.വിപണിയുടെ കുറവ് പരിഹരിക്കുക

3.സംസ്ഥാനത്തെ അഞ്ച് ഇക്കണോമിക് സോണുകളായി തിരിക്കും

4.ആസൂത്രണം, വിള നിർണയം എന്നിവയ്‌ക്ക് സഹായം

5.വിദേശ വിപണി ഉറപ്പാക്കൽ

6.ഐ.ടി പ്ളാറ്റ്ഫോം ഒരുക്കുക

7.വിപണി വ്യതിയാനം വിശകലം ചെയ്യുക

8.ഉത്പന്നങ്ങൾക്ക് ബ്രാൻഡുണ്ടാക്കുക

9.കൃഷി വകുപ്പിന്റെ സ്ഥാപനങ്ങളുമായി ഏകോപനം

10.കർഷകർക്കും കൂട്ടായ്മകൾക്കും സഹായങ്ങൾ

11 വിപണിയിൽ ഇടപെടുക

സിയാൽ മോഡൽ

സംസ്ഥാനത്തെ ഏറ്റവും വിജയകരമായ ബിസിനസ് മോഡലാണ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് കമ്പനി ലിമിറ്റഡ് (സിയാൽ). 35 ശതമാനത്തിൽ താഴെയാണ് ഓഹരിയെങ്കിലും സർക്കാരിന് പൂർണ നിയന്ത്രണമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും നിക്ഷേപകരുമാണ് മറ്റ് ഓഹരി ഉടമകൾ. അഗ്രോ ബിസിനസ് കമ്പനിക്കും ഈ മോഡൽ മതിയെന്ന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു. സിയാലിൽ മുഖ്യമന്ത്രി ചെയർമാനും രണ്ട് മന്ത്രിമാർ ബോർഡ് അംഗങ്ങളുമാണ്. മാനേജിംഗ് ഡയറക്‌ടറെ നിയമിക്കുന്നതും സർക്കാരാണ്.

കർഷകർക്ക് ന്യായവില നൽകി ഉത്പന്നങ്ങൾ കമ്പനി സംഭരിക്കും. ഇതിൽ നിന്ന് മൂല്യവർദ്ധക ഉത്പന്നങ്ങൾ അഗ്രാേ പാർക്കുകളിൽ നിർമ്മിക്കും. കയറ്റുമതിയും ലക്ഷ്യമിടുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാം.

- പി.പ്രസാദ്, കൃഷിമന്ത്രി

Advertisement
Advertisement