നിരാഹാര സമരം 20 ദിവസം പിന്നിട്ടു, ഇവരും ഓട്ടോക്കാരാണ്, അവഗണിക്കല്ലേ..

Sunday 21 November 2021 12:02 AM IST

കോഴിക്കോട്: 20 ദിവസം പിന്നിട്ടിട്ടും നഗരത്തിലെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ നടത്തുന്ന നിരാഹാര സമരം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. പ്രശ്നം ഗുരുതരമായിട്ടും തൊഴിലാളി യൂണിയനുകളും സമരത്തെ അവഗണിയ്ക്കുകയാണ്. നവംബർ ഒന്നിനാണ് നഗരത്തിൽ പുതിയതായി ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകുമ്പോഴുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓട്ടോ സംരക്ഷണമുന്നണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ നിരാഹാര സമരം ആരംഭിച്ചത്. തെൽഹത്ത് വെള്ളയിൽ, അനീഷ് വെള്ളയിൽ എന്നീ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിരാഹാരം തുടരുന്നത്.

നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് അനിയന്ത്രിതമായി സി.സി പെർമിറ്റ് നൽകാൻ സർക്കാറെടുത്ത തീരുമാനം കൊവിഡ് വ്യാപനത്തോടെ തകർന്ന തൊഴിൽ മേഖലയെ പരിപൂർണമായും ഇല്ലാതാക്കുന്നതാണെന്ന് സമരക്കാർ ആരോപിക്കുന്നു. നഗരത്തിൽ 3000 ഓട്ടോറിക്ഷകൾക്ക് കൂടി പെർമിറ്റ് നൽകാനുള്ള സർക്കാർ തീരുമാനം നിലവിൽ തൊഴിലെടുക്കുന്നവരെയും പുതുതായി വരുന്നവരെയും ഒരു പോലെ ദുരിതത്തിലാക്കും. ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികളുളള നഗരത്തിലേക്ക് പുതിയ ഇലക്ട്രിക് ഓട്ടോകൾക്ക് അനുമതി നൽകുന്നത് നിർത്തണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. നിലവിലെ തൊഴിലാളികൾക്ക് ഇ- ഓട്ടോയിലേക്ക് മാറുന്നതിനുള്ള സൗകര്യവും സാമ്പത്തിക സഹായവും സർക്കാർ നൽകണമെന്നാണ് സി.സി ഓട്ടോറിക്ഷാ സംരക്ഷണ മുന്നണിക്കാരുടെ ആവശ്യം.

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികൾ എതിരല്ല. പക്ഷെ, അത് ആദ്യം സർക്കാർ വാഹനങ്ങളിലും നഗരത്തിൽ വരുന്ന സ്വകാര്യ ആഡംബര വാഹനങ്ങളിലും പരീക്ഷിക്കുകയാണ് വേണ്ടത്. പ്രശ്നത്തിൽ അധികൃതർ ഇടപെടുന്നത് വരെ അനിശ്ചിതകാല സമരം തുടരും''- തെൽഹത്ത് വെള്ളയിൽ, ഓട്ടോ സംരക്ഷണമുന്നണി കൺവീനർ

 23ന് റോഡ് ഉപരോധം

നഗരത്തിലേക്ക് പുതിയ ഇലക്ട്രിക് ഓട്ടോകൾക്ക് അനുമതി നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കെ.എസ്.ആർ.ടി.സി പരിസരത്ത് നിരാഹാര സമരം തുടരുന്ന ഓട്ടോ സംരക്ഷണമുന്നണി നേതൃത്വത്തിൽ 23 ന് റോഡ് ഉപരോധിക്കും. മാവൂർ റോഡ് പരിസരമാണ് ഉപരോധിക്കുക.