ബസ് ചാർജ് വർദ്ധന നടപ്പാക്കാൻ സാവകാശം വേണമെന്ന് മന്ത്രി

Sunday 21 November 2021 12:01 AM IST

തിരുവനന്തപുരം: ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാവകാശം വേണമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി ആന്റണി രാജു അറിയിച്ചു.

നിരക്ക് വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. എത്ര കൂട്ടണമെന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ല. ബസുടമകൾ ആവശ്യപ്പെട്ട നിരക്ക് അതേപടി അംഗീകരിക്കാനാകില്ല. കൂടുതൽ ചർച്ചകൾ വേണ്ടിവരും. നിരക്ക് വർദ്ധന ശുപാർശ ചെയ്ത ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മിഷനുമായും ആശവിനിമയം നടത്തണം. ബസ് നിരക്കിലെ അപാതകളും പരിഹരിക്കും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.
ബസുടമകളുമായുള്ള തുടർ ചർച്ചകൾക്കായി സംഘടനാ പ്രതിനിധികളായ ലോറൻസ് ബാബു, ജി. ഗോകുൽദാസ്, ഗോപിനാഥൻ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റിയും രൂപീകരിച്ചു. മിനിമം ചാർജ് 12 രൂപയായും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ആറു രൂപയായും കൂട്ടണമെന്നാണ് ബസുടമകളുടെ ആവശ്യം. നിലവിൽ കുറഞ്ഞ നിരക്ക് എട്ടുരൂപയാണ്. ഇത് 10 രൂപയാക്കാനാണ് സാദ്ധ്യത. ചാർജ് വർദ്ധിപ്പിക്കുന്നതിന് ഈ മാസം 9ന് ചേർന്ന ഇടതുമുന്നണി യോഗം അനുമതി നൽകിയിരുന്നു.