തിരഞ്ഞെടുപ്പ് തോൽവി: അച്ചടക്ക നടപടിക്ക് ലീഗ്

Sunday 21 November 2021 12:02 AM IST

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ 12 മണ്ഡലങ്ങളിൽ നിയോഗിച്ച കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് അച്ചടക്ക നടപടികളിലേക്ക് കടക്കുന്നു. 27ന് ചേരുന്ന ഉന്നതാധികാര സമിതി ചർച്ച ചെയ്ത് നടപടി സ്വീകരിക്കും.

നടപടി ശുപാർശാ റിപ്പോർട്ട് അന്വേഷണ കമ്മിഷൻ പാർട്ടി നേതൃത്വത്തിന് സമർപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട്ട് ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു.

സിറ്റിംഗ് സീറ്റും ഏറെ കാലത്തിനുശേഷം വനിതാ സ്ഥാനാർത്ഥി മത്സരിക്കുകയും ചെയ്ത കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനം ഉണ്ടായില്ലെന്നാണ് കണ്ടെത്തൽ. മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനാണ് ശുപാർശ. എതിർ സ്ഥാനാർത്ഥിയെ സഹായിച്ചെന്നും വിലയിരുത്തലുണ്ട്. സിറ്റിംഗ് സീറ്രായ കുറ്റ്യാടിയിൽ പരാജയപ്പെടുന്നതിനും ഏകോപനമില്ലായ്മ കാരണമായി. അഴീക്കോടും വീഴ്ചയുണ്ടായി. യു.ഡി.എഫ് സംവിധാനം കൃത്യമായി പ്രവർത്തിച്ചില്ല. കെ.എം. ഷാജിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സാധിച്ചില്ല. കളമശേരിൽ വിഭാഗീയത രൂക്ഷമായതായും ഒരു വിഭാഗം വിട്ടുനിന്നതായും കണ്ടെത്തി. വിജയ സാദ്ധ്യത ഉണ്ടായിരുന്ന പി.കെ. ഫിറോസ് മത്സരിച്ച താനൂരിലെ പരാജയത്തിന് കാരണം സംഘടനയിലെ പ്രശ്നങ്ങളാണ്. നാല് സിറ്റിംഗ് സീറ്റുകളിൽ ഉൾപ്പെടെ 12 സീറ്റുകളിലാണ് ലീഗ് പരാജയപ്പെട്ടത്.