ജനപ്രിയം ഈ 'ഫൈബർ ടു ഹോം'

Sunday 21 November 2021 12:01 AM IST

# 50000 ത്തിലധികം ഉപഭോക്താക്കൾ

കോഴിക്കോട്: ബി.എസ്.എൻ.എല്ലിന്റെ 'ഫൈബർ ടു ഹോം' പദ്ധതി ജനപ്രിയമാകുന്നു. ലോക്ക്ഡൗൺ കാലത്ത് വിപുലീകരിച്ച പദ്ധതിക്ക് ജില്ലയിൽ ഇതിനകം 50000 ത്തോളം ഉപഭോക്താക്കളായി കഴിഞ്ഞു. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമടക്കം ആവശ്യക്കാർ കൂടിയതോടെ പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എൻ.എൽ. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങൾ, സ്‌കൂൾ, വായനശാലകൾ എന്നിവിടങ്ങളിലേക്കും ഇന്റർനെറ്റ് കണക്ഷനില്ലാത്ത മലയോര പ്രദേശങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കോഴിക്കോട് ഒമ്പത് സ്ഥലങ്ങളിലും വയനാട് 14 സ്ഥലങ്ങളിലും ഫൈബർ കണക്ഷൻ നൽകാനുളള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ പൂർത്തിയാകും. കൂടാതെ ഉൾനാടുകളിൽ പൊതുസ്ഥാപനങ്ങൾ വഴി വൈ ഫൈ സൗകര്യം ഒരുക്കാനും ആലോചനയുണ്ട്.

നിലവിലെ ബ്രോഡ് ബാൻഡ് കണക്ഷന്റെ വേഗത കുറവാണെങ്കിൽ കേബിൾ ടി വി നെറ്റ് വർക്കുമായി ചേർന്ന് ഫൈബർ ടു ഹോം പദ്ധതിയിലൂടെ 100 എം ബി പി എസ് വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കും. അതിലൂടെ നഗരങ്ങളിലേത് പോലെ ഇന്റർനെറ്റ് വേഗത ഗ്രാമങ്ങളിലും ലഭ്യമാകും. ഡൗൺലോഡിനും അപ്‌ലോഡിനും ഒരേ വേഗം ലഭിക്കുമെന്നാണ് ഫൈബർ കണക്ഷന്റെ പ്രത്യേകത. ഇടിയും മിന്നലും മൂലമുണ്ടാകുന്ന പ്രശ്നങ്ങളും കേടുപാടുകളും കുറവായിരിക്കും. കേബിൾ ടി വി ഓപ്പറേറ്റർമാരുടെയും ഫ്രാഞ്ചൈസികളുടെയും സഹകരണത്തോടെയാണ് ഫൈബർ ടു ഹോം പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവർക്ക് ഫൈബർ കണക്ഷൻ ലഭിക്കാൻ 9447855855 എന്ന നമ്പറിൽ വാട്സ് ആപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.