എൽ.ജെ.ഡിയുടെ മന്ത്രിസഭാ പ്രവേശനം: സാദ്ധ്യത തള്ളി സി.പി.എം

Saturday 20 November 2021 11:10 PM IST

തിരുവനന്തപുരം: മന്ത്രിസഭാ പ്രവേശനത്തിനായി എൽ.ജെ.ഡി പുതിയ ആവശ്യമുയർത്തുന്നുവെന്ന പ്രചാരണമുയരവെ, സാദ്ധ്യതകൾ തള്ളി സി.പി.എം നേതൃത്വം. മന്ത്രിസഭയിലെ അംഗബലത്തിൽ ചില കണക്കുകളുണ്ടെന്നും അതിൽ അവ്യക്തതയില്ലെന്നും ഇന്നലെ വാർത്താലേഖകരോട് പ്രതികരിക്കെ, സി.പി.എം സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വ്യക്തമാക്കി.

എൽ.ജെ.ഡിയിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പോകുമെന്നാണ് അവർ അറിയിച്ചതെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. അവർ രണ്ടായി നിൽക്കുന്നുവെന്ന് തങ്ങളെ അറിയിച്ചിട്ടില്ല. അത് മാദ്ധ്യമങ്ങൾ പറയുന്നതാണ്. എൽ.ഡി.എഫിലേക്ക് വന്നവരെല്ലാം മുന്നണി ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും വിജയരാഘവൻ വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തിനായി ആവശ്യമുയർന്നെങ്കിലും ഉടനെ അതുന്നയിക്കേണ്ടെന്ന നിലപാടാണ് കോഴിക്കോട്ടെ യോഗത്തിലുയർന്നതെന്നാണ് എൽ.ജെ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.