അടൂർ ടൗണിലെ റോഡ് ടാറിംഗ് കേരള റോഡ് ഫണ്ട് ബോർഡിന്

Saturday 20 November 2021 11:16 PM IST

അടൂർ: നഗരഹൃദയത്തിലെ ഇരട്ടപ്പാലത്തിന്റെ നിർമ്മാണ ചുമതല പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിൽ നിന്ന് മാറ്റി കേരളറോഡ് ഫണ്ട്‌ബോർഡിന് കൈമാറി. ഇന്നലെ മുതൽ അവർ തുടർനിർമ്മാണം ഏറ്റെടുത്തു. പാലത്തി ന്റെ നിർമ്മാണപ്രവർത്തനം ഇഴഞ്ഞു നീങ്ങിയ സഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നഗരസഭ ചെയർമാൻ ഡി. സജിയും നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണിത്. ഒരുഘട്ട ത്തിൽ പാലം പണിയുടെ കരാറുകരനെ ഒഴിവാക്കി വീണ്ടുംടെൻഡർ ചെയ്യുന്നതുൾപ്പെടെഉള്ള കാര്യങ്ങൾ ആലോചിച്ചെങ്കിലും പുതിയ ടെൻഡർ നടപടികൾ സ്വീകരിച്ച് പണിതുടങ്ങാൻ ദീർഘസമയം വേണ്ടിവരും എന്നത് കണക്കിലെടുത്താണ് പുതിയ നടപടി. യുദ്ധകാലാടിസ്ഥാനത്തിൽ രാത്രിയിലും പകലുമായി പണിപൂർത്തീകരിക്കുകയാണ് ലക്ഷ്യം. മഴയാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തടസമാകുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡ്, ഓടകൾ, നെല്ലിമൂട്ടിൽപടി മുതൽ ഹോളി ക്രോസ് വരെയും പാർത്ഥസാരഥി ജംഗ്ഷൻ മുതൽ ബൈപാസ് വരെയുമുള്ള റോഡിന്റെ ടാറിംഗുമാണ് അവശേഷിക്കുന്നത്. റോഡിന്റെ ടാറിംഗ് തീരാത്തത് കാരണം ട്രാഫിക് കമ്മിറ്റി യുടെ തീരുമാനവും നടപ്പിലാക്കാൻ കഴിയുന്നില്ല അതുകാരണം റോഡിൽ ഗതാഗതാക്കുരുക്കും ഉണ്ടാകുന്നു. കരാറുകാരന്റെ വീഴ്ചയും വാട്ടർ അതോറിറ്റി പണി ഇഴച്ച് നീക്കുന്നതുമാണ് പണി അനന്തമായി നീളാൻ ഇടയാക്കിയത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭ ചെയർമാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ യോഗം ചേർന്ന് നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.

Advertisement
Advertisement