ദേശീയ ദുരന്തനിവാരണ സേന ശബരിമലയിൽ സേവനം തുടങ്ങി

Saturday 20 November 2021 11:18 PM IST

പത്തനംതിട്ട: ദേശീയ ദുരന്തനിവാരണ സേനയുടെ(എൻ.ഡി.ആർ.എഫ്) സംഘം ശബരിമലയിൽ സേവനം തുടങ്ങി. തമിഴ്നാട് ആരക്കോണം നാലാം ബറ്റാലിയൻ ടീമാണ് സന്നിധാനത്തും പമ്പയിലും സേവനമനുഷ്ഠിക്കുന്നത്. സീനിയർ കമാൻഡന്റ് രേഖ നമ്പ്യാരുടെ നിർദ്ദേശപ്രകാരം 60 പേരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. പമ്പയിൽ 30 ഉം സന്നിധാനത്ത് 30 ഉം പേരാണ് സേവനമനുഷ്ഠിക്കുന്നത്. പമ്പയിൽ എസ്‌.ഐ അരവിന്ദ് ഗാനിയലും എസ്‌.ഐ സുരേഷ് കുമാറും, സന്നിധാനത്ത് ഇൻസ്‌പെക്ടർ ജെ.കെ. മണ്ഡലും എസ്‌.ഐമാരായ കെ.കെ. അശോക് കുമാറും ഗോപി കൃഷ്ണനുമാണ് സേനയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാകും വരെ എൻ.ഡി.ആർ.എഫിന്റെ സേവനമുണ്ടാകും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും എൻ.ഡി.ആർ.എഫ് ശബരിമലയിൽ എത്തിച്ചിട്ടുണ്ട്. ഐ.ആർ ബോട്ട്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ആർ.ആർ സോ, ആർ.പി സോ, ചെയ്ൻ സോ എന്നിവയും സ്‌ട്രെച്ചർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സന്നിധാനത്തും പമ്പയിലും ഒരുക്കിയിട്ടുണ്ട്. പമ്പയിലുള്ള സംഘത്തിന്റെ സേവനം നിലയ്ക്കലും ലഭ്യമാണ്.

കൊവിഡ് പ്രതിരോധം: ധൂപ സന്ധ്യ നടത്തി

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ധൂപ സന്ധ്യ നടത്തി. കൊവിഡ് കാലഘട്ടത്തിൽ കേരളത്തിലെ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ഉപയോഗിച്ച അപരാജിത ധൂപം ആണ് ധൂപനത്തിന് ഉപയോഗിക്കുന്നത്. സന്നിധാനം ആയുർവേദ ആശുപത്രി ചാർജ് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി ഇതിന് ആവശ്യമായ അപരാജിത ധൂപ ചൂർണം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുനിലിന് കൈമാറി. ധൂപ സന്ധ്യ സന്നിധാനം എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാര്യർ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അരമണിക്കൂർ വീതം ധൂപനം നടത്താനാണ് തീരുമാനം.