കോന്നിയിലുണ്ട് പഴയ വെള്ളപ്പൊക്കത്തിന്റെ 'സ്മാരകശില '

Saturday 20 November 2021 11:21 PM IST

കോന്നി: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ സ്മാരകം കോന്നിയിലുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്ത് സ്ഥാപിച്ചതാണിത്.

1924 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പഴമക്കാർ ഇപ്പോഴും ഭീതിയോടെയാണ് പറയുന്നത്. 99ലെ വെള്ളപ്പൊക്കം എന്നും പറയാറുണ്ട്. 1099 കർക്കടക മാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനെയും തെക്കൻ മലബാറിനെയും പ്രളയം ദുരിതത്തിലാക്കി. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ അന്ന് വെള്ളംകയറി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്ന് കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിറുത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. ഉയർന്ന പ്രദേശങ്ങൾ അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞു. പട്ടിണി രൂക്ഷമായ നാളുകൾ കൂടിയായിരുന്നു ഇത്. അന്ന് വെള്ളം കയറിയ ഉയരം അടയാളപ്പെടുത്താൻ കോൺക്രീറ്റിൽ സ്ഥാപിച്ച ചെറിയ തൂണാണ് സ്മാരകമായത്. 2018 ലെ വെള്ളപ്പൊക്കത്തിൽ കോന്നി ഗവ. എൽ.പി സ്കൂളിന് സമീപം അടിഞ്ഞുകൂടിയ ചെളി നീക്കംചെയ്യുമ്പോഴാണ് ഇത് കണ്ടെത്തിയത്. പുരാവസ്തുവകുപ്പ് അധികൃതരെത്തി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിലാണ് ഇത് സ്മാരകമായി സ്ഥാപിച്ചത്.ഇതിന്റെ തൊട്ടടുത്തുള്ള മാടക്കടയുടെ ചുവരിലും പഴയ വെള്ളപ്പൊക്കത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒാരോ വെള്ളപ്പൊക്കക്കാലത്തും പഴയ പ്രളയത്തെക്കുറിച്ച് പഴയ ആളുകൾ പറയാറുണ്ട്. കോന്നിയിൽ ശക്തമായ മഴ രണ്ടുദിവസം തുടർന്നാൽ വെള്ളത്തിലാകുന്ന പ്രദേശങ്ങളുണ്ട്. കഴിഞ്ഞ ഒരു വർഷം കോന്നിയിലെ വനം വകുപ്പിന്റെ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് പരിസരത്തെ മഴമാപിനിയിൽ രേഖപെടുത്തിയ മഴയുടെ അളവ് 5483 . 2 മില്ലി മീറ്ററാണ്.