6450 പേർ കൂടി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകും: മുഖ്യമന്ത്രി

Saturday 20 November 2021 11:53 PM IST

തിരുവനന്തപുരം: അടുത്ത ഘട്ടമായി 6450 പേർ കൂടി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ ഡിഫൻസിൽ 30 ശതമാനം വനിതകളെ ഉൾപ്പെടുത്തി. അപകടമുണ്ടാവുന്ന പ്രദേശങ്ങളിലെ കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിന് ഇത് സഹായകമാണ്. സിവിൽ ഡിഫൻസ് ഫോഴ്‌സ് പൂർണ സജ്ജമാകുന്നതോടെ അപകടരക്ഷാ പ്രതിരോധ പ്രവർത്തനങ്ങൾ പതിന്മടങ്ങ് കരുത്താർജിക്കും.

അഗ്‌നിശമന സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ പ്രധാനമായും ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 49 പേരാണ് പുതിയതായി അഗ്‌നിശമന സേനയുടെ ഭാഗമായത്. ഇതിൽ നാല് എൻജിനിയറിംഗ് ബിരുദധാരികളും 21 ബിരുദധാരികളും നാല് ഡിപ്ലോമക്കാരും അഞ്ച് ഐ.ടി.ഐക്കാരുമുണ്ട്. ഫയർഫോഴ്‌സിന്റെ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു.