കെ-റെയിലിനെ പിന്തുണച്ച് സി.പി.എം,​ ചലനവേഗം നിക്ഷേപത്തിനാവശ്യം

Sunday 21 November 2021 12:07 AM IST

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാരിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പൂർണ പിന്തുണ.

ജനങ്ങളുടെ സഞ്ചാരവേഗം മികച്ച നിക്ഷേപത്തിന് ആവശ്യമാണെന്നും കെ-റെയിൽ പദ്ധതി ഭാവിയുടെ അടിത്തറയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാരിസ്ഥിതികപ്രശ്നമുണ്ടെങ്കിൽ പരിഹാരവുമുണ്ടാകും. അതിലൊക്കെ നല്ല വ്യക്തതയുണ്ട്. കമ്പോളവിലയേക്കാൾ ഇരട്ടിയിലധികം രൂപ നൽകിയാവും ഭൂമിയേറ്റെടുക്കുക.

കൂടുതൽ വാഹനങ്ങളും ഏറ്റവും കുറച്ച് നാലുവരിപ്പാതകളും എന്നതാണ് കേരളത്തിലെ അവസ്ഥ.

ഉമ്മൻചാണ്ടി സർക്കാരിന് ദേശീയപാത വികസനത്തിന് അഞ്ച് മീറ്റർ സ്ഥലം പോലും ഏറ്റെടുക്കാനായില്ല. പിണറായി സർക്കാർ സമവായത്തിലൂടെ മുഴുവൻ സ്ഥലവുമേറ്റെടുത്തു. സമരം ചെയ്തവർ തന്നെ നഷ്ടപരിഹാരം കിട്ടിയപ്പോൾ വലിയ പിന്തുണ നൽകി.

കെ-റെയിൽ പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഏറ്റവുമധികം വിഭവം സമാഹരിക്കാനായത് കിഫ്ബിയുള്ളതിനാലാണ്. സംസ്ഥാനം മൂലധനനിക്ഷേപങ്ങളിൽ നിന്ന് പിന്മാറണമെന്ന് പറയുമ്പോൾ വേറിട്ട സമീപനം സാദ്ധ്യമാണെന്ന് കേരളം കിഫ്ബിയിലൂടെ തെളിയിച്ചു.

ഭക്ഷണക്കാര്യത്തിൽ കേരളത്തിൽ നല്ല സ്വാതന്ത്ര്യമാണെന്നും അതിനെതിരായ നിലപാടുകൾക്കെതിരെ സർക്കാർ ശക്തമായ നിലപാടെടുക്കാറുണ്ടെന്നും ഹലാൽഭക്ഷണ വിവാദത്തെക്കുറിച്ച് വിജയരാഘവൻ പ്രതികരിച്ചു. വ്യത്യസ്തരുചികളിൽ ലഭിക്കുന്ന ഭക്ഷണം എല്ലാവരും കഴിക്കുന്നു. വർഗീയ വേർതിരിവിന്റെ കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement