സർക്കാരിന് എന്തും ചെയ്യാമെന്ന ധാർഷ്ട്യം: പ്രതിപക്ഷ നേതാവ്

Sunday 21 November 2021 12:09 AM IST

തിരുവനന്തപുരം: പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ജനങ്ങളെ കൊള്ളയടിച്ചും അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയും എന്തും ചെയ്യാമെന്ന ധാർഷ്ട്യവുമായാണ് രണ്ടാം പിണറായി സർക്കാർ ആറുമാസം പിന്നിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

തുടർച്ചയായി ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരത്തോടെയാണ് പെരുമാറുന്നത്. കൊവിഡ് രോഗികളുടെ എണ്ണവും മരണക്കണക്കും മറച്ചുവച്ച ദുരഭിമാനത്തിന് പൊതുജനം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിന്റെ അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി വനം മാഫിയയെ രക്ഷിക്കാനാണ് ശ്രമിച്ചത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ പൊതുനിലപാടിന് കടകവിരുദ്ധമായാണ് ബേബി ഡാമിൽ മരം മുറിക്കാൻ രഹസ്യമായി തമിഴ്നാടിന് അനുമതി നൽകിയത്. സംസ്ഥാന താത്പര്യം ബലികഴിക്കുകയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണ്.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുപോലും ഹയർ സെക്കൻഡറി പഠനത്തിന് ഇഷ്ടവിഷയമോ സ്കൂളോ ലഭിച്ചിട്ടില്ല.

സ്ത്രീ സുരക്ഷയും നവോത്ഥാനവും പറയുന്ന സർക്കാരിന്റെ കാലത്താണ് സ്വന്തം കുഞ്ഞിനെത്തേടി ഒരമ്മയ്ക്ക് സമരമിരിക്കേണ്ടി വന്നത്.

തുടർച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും അതിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനോ ദുരന്ത ആഘാതം ലഘൂകരിക്കാനോ ശ്രമിക്കുന്നില്ല. കൂടുതൽ പരിസ്ഥിതി ദുർബലപ്രദേശമായി കേരളം മാറുമ്പോഴും പാരിസ്ഥിതികമായി ഏറെ ആഘാതമുണ്ടാക്കുന്ന സിൽവർ ലൈൻ പദ്ധതിക്കായി പിടിവാശി കാട്ടുന്നത് ജനത്തോടുള്ള വെല്ലുവിളിയാണ്.

ഇന്ധനനികുതിയിൽ ഒരു രൂപപോലും കുറയ്ക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി നിരക്കും ബസ് ചാർജും വർദ്ധിപ്പിക്കാനുള്ള തീരുമാനമാണ് ആറു മാസമാഘോഷിക്കുന്ന സർക്കാർ ജനങ്ങൾക്ക് നൽകുന്ന സമ്മാനം. കർഷക സമരത്തിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തിയതു പോലെ ജനരോഷത്തിനു മുന്നിൽ പിണറായി സർക്കാരിനും മുട്ടുകുത്തേണ്ടിവരും. ഇടതുപക്ഷമെന്ന് മേനി നടിക്കുന്നവർ തീവ്ര വലതുപക്ഷമാണെന്ന് ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.

Advertisement
Advertisement