എസ്.ഐ.പിക്ക് മികച്ച പ്രിയം; നിക്ഷേപം പുത്തൻ ഉയരത്തിൽ

Sunday 21 November 2021 3:16 AM IST

കൊച്ചി: നിക്ഷേപകർക്കിടയിൽ മ്യൂച്വൽഫണ്ടുകൾക്ക് പ്രിയമേറിയതോടെ, ഈ രംഗത്തെ കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (അസറ്റ് അണ്ടർ മാനേജ്‌മെന്റ് - എ.യു.എം) കഴിഞ്ഞമാസം സർവകാല റെക്കാഡ് ഉയരത്തിലെത്തി. സെപ്തംബറിലെ 36.7 ലക്ഷം കോടി രൂപയിൽ നിന്ന് 37.3 ലക്ഷം കോടി രൂപയിലേക്കാണ് ഒക്‌ടോബറിൽ ആസ്‌തിമൂല്യം മുന്നേറിയത്. 2020 ഒക്‌ടോബറിൽ എ.യു.എം 28.2 ലക്ഷം കോടി രൂപയായിരുന്നു.

തവണകളായി നിക്ഷേപം നടത്താവുന്ന പദ്ധതിയായ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാൻ (എസ്.ഐ.പി) വഴിയുള്ള പ്രതിമാസ നിക്ഷേപവും ഒക്‌ടോബറിൽ പുത്തൻ ഉയരം രേഖപ്പെടുത്തി. 10,519 കോടി രൂപയാണ് എസ്.ഐ.പികൾ വഴി കഴിഞ്ഞമാസം മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. സെപ്‌തംബറിൽ 10,351 കോടി രൂപയും ആഗസ്‌റ്റിൽ 9,923 കോടി രൂപയുമാണ് ലഭിച്ചത്.

പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെ കാലയളവുകളിൽ തവണകളായി നിക്ഷേപം നടത്താൻ സഹായിക്കുന്നതാണ് എസ്.ഐ.പികൾ. കുറഞ്ഞ തവണനിക്ഷേപം 500 രൂപയാണ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിതതുക, തിരഞ്ഞെടുത്ത കാലയളവിൽ എസ്.ഐ.പി നിക്ഷേപമായി മ്യൂച്വൽഫണ്ടുകളിലേക്ക് വകമാറ്റുംവിധം സുഗമമായി നിക്ഷേപം നടത്താനാകും. 4.5 കോടി എസ്.ഐ.പി അക്കൗണ്ടുകളാണ് സെപ്‌തംബറിലുണ്ടായിരുന്നത്; ഒക്‌ടോബറിൽ ഇത് 4.64 കോടിയെന്ന റെക്കാഡിലുമെത്തി.

എസ്.ഐ.പി നിക്ഷേപം

കഴിഞ്ഞ സമ്പദ്‌വർഷങ്ങളിലെ നിക്ഷേപം എസ്.ഐ.പിയിലൂടെ: (തുക കോടിയിൽ)

 2016-17 : ₹43,921

 2017-18 : ₹67,190

 2018-19 : ₹92,693

 2019-20 : ₹1 ലക്ഷം

 2020-21 : ₹96,080

 2021-22* : ₹66,973

(*നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബർ കാലയളവിലെ നിക്ഷേപം)

Advertisement
Advertisement