മൺറോത്തുരുത്തിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം, നശിച്ചത് 5 ഏക്കറിലെ മത്സ്യക്കൃഷി

Monday 22 November 2021 1:26 AM IST
മത്സ്യക്കുളം വെള്ളത്തിൽ മുങ്ങിയപ്പോൾ

കൊല്ലം: അജി വിശ്വവും ഹുസൈനും കെട്ടിപ്പൊക്കിയ സ്വപ്നങ്ങളാണ് മൺറോത്തുരുത്തിലെ അപ്രതീക്ഷിത വെള്ളപ്പൊക്കം തകർത്തത്.

തുരുത്തിലെ 5 ഏക്കറിൽ 20 ലക്ഷം മുടക്കി ഇവർ നടത്തിയ മത്സ്യക്കൃഷി അപ്പാടെ നശിച്ചു.

കഴിഞ്ഞ ആഗസ്റ്റിലാണ് കൃഷിയിറക്കിയത്. ഒരേക്കറിലും ഒന്നരയേക്കറിലും നിലവിലുണ്ടായിരുന്ന രണ്ടു കുളങ്ങൾ നവീകരി ച്ചു. രണ്ടര ഏക്കറിൽ പുതിയ കുളം നിർമ്മിച്ചു. ത്രീഫേസ് ലൈൻ വലിച്ചു വൈദ്യുതി ഉറപ്പാക്കി. ചുറ്റും വലയിട്ടു മീനുകൾക്കു സംരക്ഷണം ഒരുക്കി. അഞ്ചര ലക്ഷം രൂപ ചെലവിൽ 12 ലക്ഷം വനാമി മത്‍സ്യക്കുഞ്ഞുങ്ങളെ വാങ്ങി ആഗസ്റ്റ് 20നു കുളത്തിൽ നിക്ഷേപിച്ചു. കിലോയ്ക്ക് 88 രൂപ നിരക്കിൽ 10 ടൺ തീറ്റയും വാങ്ങി. രണ്ടര ഏക്കർ വരുന്ന മൂന്നാമത്തെ കുളത്തിൽ 10ലക്ഷം കുഞ്ഞുങ്ങളെ ഈ മാസമാണ് നിക്ഷേപിച്ചത്. 95 ദിവസം കഴിഞ്ഞാൽ വിളവെടുക്കാം. 85 ദിവസമായപ്പോഴാണ് നിർഭാഗ്യം വെള്ളപ്പൊക്ക രൂപത്തിൽ എത്തിയത്. സമീപ കാലത്തെങ്ങും ഉണ്ടാകാത്ത വിധം കല്ലടയാർ കരകവിഞ്ഞു മൺറോത്തുരുത്തിനെ വെള്ളത്തിൽ മുക്കിയപ്പോൾ ബണ്ടുകൾ നിറഞ്ഞൊഴുകി. വിളവെടുപ്പിന് പാകമായി കിടന്ന മീനുകൾ മിക്കതും ഒഴുകിപ്പോയി. ബണ്ടുകൾക്കും നാശം നേരിട്ടു.

10 ദിവസം കൂടി കഴിഞ്ഞ് വിളവെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ 15 ടൺ മത്‍സ്യം കിട്ടുമായിരുന്നു. ഒരു കിലോയ്ക്ക് 425 രൂപയാണ് ഇപ്പോൾ വില. പുതുതായി നിർമ്മിച്ച കുളത്തിൽ വിത്തിട്ട് ഒൻപതാം ദിവസമാണ് വെള്ളം കയറിയത്. കല്ലടയാറ്റിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും ചെളിയും ബണ്ടുകളിൽ നിറഞ്ഞുകിടക്കുന്നു. പ്രളയത്തിൽ ഒഴുകിപ്പോകാതെ അവശേഷിക്കുന്ന മത്‍സ്യങ്ങൾക്ക് ഈ ചെളി നിറഞ്ഞ വെള്ളത്തിൽ ജീവിക്കാനാവില്ല. രോഗങ്ങൾക്കും സാദ്ധ്യത കൂടുതലുണ്ട്. തുരുത്തിൽ നിന്ന് പ്രളയ ജലം ഇറങ്ങിയതോടെ മീനുകൾ നഷ്ടമായ ബണ്ടുകൾക്ക് നോക്കിയിരുന്ന് നഷ്ടക്കണക്കുകൾ നിരത്തി വിലപിക്കുകയാണ് അജിയും ഹുസൈനും.

 തുരുത്തിൽ 20 ഹെക്ടർ സ്ഥലത്തു മത്സ്യകൃഷി

 120 പേർക്ക് മത്‍സ്യകൃഷിയും 50 പേർക്ക് കൂടുകൃഷിയും

 പ്രകൃതി അനുകൂലമായാൽ മികച്ച വരുമാനം

 ഒന്നു മുതൽ 10 ഏക്കറിൽ വരെ മത്സ്യക്കൃഷി

 ചെമ്മീൻ, കരിമീൻ, പൂമീൻ, ഞണ്ട് പ്രധാനകൃഷികൾ

................................

മൺറോത്തുരുത്തിൽ 20 ഹെക്ടർ സ്ഥലത്തെ മത്സ്യക്കൃഷിയിൽ വെളളം കയറിയിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ

ആര്യ, ഫിഷറീസ് ഉദ്യോഗസ്ഥ