അബ്ദുൾജസീമും പൂച്ചകളും പിന്നെ ഗ്രീൻ ഇഗ്വാനയും

Monday 22 November 2021 12:58 AM IST

കളമശേരി: അരിബോ, ക്യൂട്ടി, സ്നോയി, ടിറ്റി, സുൽത്താൻ, ടോം, ബ്യൂട്ടി, എന്ന് അബ്ദുൾ ജസീം നീട്ടി വിളിച്ചാൽ ഏലൂർ വടക്കുംഭാഗത്തെ കണവറ വീട്ടിനകത്ത് നിന്ന് ഓടിയെത്തുന്നത് വിദേശികളും സ്വദേശികളുമായ വി.ഐ.പി. പൂച്ചകൾ. ഒന്നര ലക്ഷം രൂപ മുതൽ നാലു ലക്ഷം രൂപ വരെ വില വരുന്ന ഇനങ്ങൾ. പൂച്ചപ്രേമികൾക്ക് അതൊരു വലിയ വിലയേ അല്ല. അമേരിക്കൻ ഇനമായ നാലു ലക്ഷം വിലവരുന്ന മെയ്നികൂണിനെ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ട്രഡീഷണൽ ലോംഗ് ഹെയർ എന്ന ഇനത്തിലുള്ളവളാണ് കൂട്ടത്തിൽ വില കുറഞ്ഞവൾ. 10,000-12,000 രൂപയാകും.

പൂച്ച സ്നേഹം കലശലായപ്പോൾ 2010 ൽ 10,000 രൂപയ്ക്ക് ഒരു പേർഷ്യൻ പൂച്ചയെ വാങ്ങിയാണ് പേരാമ്പ്ര അപ്പോളോ ടയേഴ്സ് ജീവനക്കാരനായ ജസീം പൂച്ച വളർത്തലിന് ഇറങ്ങിയത്. പെറ്റുപെരുകിയപ്പോൾ ഓമനകളെ ചങ്ങാതിമാർക്കും നൽകി. പിന്നെ വില്പനയായി. കിട്ടിയ പണംകൊണ്ട് വിലപിടിപ്പുള്ള പൂച്ചകളെ സ്വന്തമാക്കി. ആത്മാർത്ഥതയോടെ സ്നേഹിച്ചു വളർത്താനാണെന്ന് ഉറപ്പായാലേ വില കിട്ടിയാലും വിൽക്കാറുള്ളൂ. പറ്റാവുന്നിടത്ത് ഇടയ്ക്ക് ചെന്ന് അന്വേഷിക്കുന്ന പതിവുമുണ്ട്. പാഷാണം ഷാജി എന്ന നടൻ സാജു നവോദയ, നടനും ഗായകനുമായ സമദ് തുടങ്ങിയവർക്കും പൂച്ചകളെ നൽകിയിട്ടുണ്ട്.

 പൂച്ചകൾ 35ലേറെ ഇനങ്ങൾ

35 ഓളം ഇനം പൂച്ചകൾ ജസീമിന്റെ വീട്ടിലുണ്ട്. 50,000 രൂപ കൊടുത്ത് വാങ്ങിയ ഗ്രീൻ ഇഗ്വാനയെ പച്ച ഓന്തും കൂട്ടത്തിലുണ്ട്. ഒരു മീറ്റർ നീളമുണ്ട്. ആറടി വരെ നീളം വയ്ക്കും. ഇലകളും മലക്കറികളും മാത്രമേ ശാപ്പിടൂ. കോപിച്ചാൽ വാൽ ചുരുട്ടി അടിച്ചെന്നിരിക്കും, ചിലപ്പോൾ കടിയും കിട്ടും. ഇവനും വിദേശി തന്നെ.