ഡ്രൈവറില്ല, എങ്ങനെയോടും ഈ ബസുകൾ?

Monday 22 November 2021 12:07 AM IST

കൊച്ചി: കെ.യു.ആർ.ടി.സി. പൂട്ടിക്കെട്ടുന്നതിന്റെ ഭാഗമായി നടപ്പാക്കിയ കൂട്ടസ്ഥലമാറ്റത്തിൽ പൊറുതിമുട്ടുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ. ഡ്രൈവർ, കണ്ടക്ടർ തസ്തികയിലുള്ള 180 ജീവനക്കാരെയാണ് കഴിഞ്ഞ മാസം ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. കണ്ടക്ടർമാർ ആവശ്യത്തിനുണ്ടെങ്കിലും ഡ്രൈവർമാരില്ലാത്തതിനാൽ സർവീസുകൾ പലതും റദ്ദ് ചെയ്യേണ്ട സ്ഥിതിയാണ്. 110 ഡ്രൈവർമാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. പമ്പാ സർവീസുകൾ നടത്താനുൾപ്പെടെ മറ്റു ഡിപ്പോകളിൽ നിന്ന് ജീവനക്കാരെ എത്തിക്കുകയാണ്. വരും ദിവസങ്ങളിൽ പമ്പ സർവീസുകൾ വർദ്ധിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാവും. കൂടുതൽ ജീവനക്കാരെ മറ്റു ഡിപ്പോകളിൽ നിന്നെത്തിക്കാതെ സർവീസുകൾ പൂർത്തിയാക്കാൻ കഴിയില്ല.
എറണാകുളം ഡിപ്പോയിലുള്ളവരെ പറവൂർ, അങ്കമാലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. എറണാകുളം ഡിപ്പോയിലെ സർവീസുകളിലേക്ക് സ്ഥലം മാറിയ ജീവനക്കാരെ വർക്ക് അറേഞ്ച്‌മെന്റ് നടത്തി തിരിച്ചുവിളിച്ചു. സ്ഥലംമാറി പോയവർക്കാവട്ടെ മറ്റു ഡിപ്പോകളിൽ ഡ്യൂട്ടിയുമില്ലാത്ത സ്ഥിതിയാണ്. അതേസമയം, സ്ഥലംമാറ്റ ലിസ്റ്റിൽ ഉൾപ്പെട്ട പരിശീലനം ലഭിച്ച ഡീസൽ ടാങ്കർ ഡ്രൈവർമാരുടെ സ്ഥലംമാറ്റം പ്രശ്‌നം സൃഷ്ടിച്ചതോടെ പിൻവലിച്ചു. 33 ഡ്രൈവർമാരെയാണ് സ്ഥലംമാറ്റിയത്.

 ജീവനക്കാരും ദുരിതത്തിൽ

രാവിലെ ഡ്യൂട്ടിക്കെത്തുമ്പോഴായിരിക്കും പലർക്കും ഡ്യൂട്ടി ഇല്ലെന്നും എറണാകുളം ഡിപ്പോയിലേക്ക് മാറണമെന്നും അറിയുക. ഇതോടെ അവിടന്നു എറണാകുളം ഡിപ്പോയിലേക്ക് എത്താറാണ് പതിവ്. പലരും ആവശ്യപ്പെടാതെയായിരുന്നു സ്ഥലംമാറ്റം. എറണാകുളം ഡിപ്പോയിൽ ഒഴിവുണ്ടായിരിക്കെയാണ് നടപടിയെന്നതും ജീവനക്കാരെ തളർത്തുന്നുണ്ട്.


 എ.സി. ബസ് സർവീസ് ദുരിതത്തിൽ
പ്രത്യേക പരിശീലനം ലഭിച്ചവരാണ് എ.സി ബസുകളിൽ സർവീസ് നടത്തുന്നത്. ഇവരെ സ്ഥലം മാറ്റിയതോടെ എറണാകുളത്ത് നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആരംഭിച്ച 12 ബസുകളിലും ഡ്രൈവർമാരെ മറ്റു ഡിപ്പോകളിൽ നിന്ന് തിരിച്ചു വിളിച്ച് വർക്ക് അറേഞ്ച്‌മെന്റ് നടത്തി. പമ്പ സർവീസുകൾ എട്ടെണ്ണവും എറണാകുളം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇവയിലേക്കെല്ലാം കണ്ടക്ടർമാരെയും ഡ്രൈവർമാരെയും കൊണ്ടുവന്നിട്ടുള്ളത് മറ്റു ഡിപ്പോകളിൽ നിന്നാണ്.


 ജില്ലയുടെ മൊത്തം കണക്കെടുത്താൽ ഡ്രൈവർമാരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടു തന്നെ സ്ഥലംമാറിപ്പോയവരെ വർക്ക് അറേജ്‌മെന്റ് നടത്തി സർവീസുകൾ കാര്യക്ഷമമായി മുന്നോട്ട് പോവുന്നുണ്ട്. കണ്ടക്ടർമാരുടെ കുറവില്ല. സർവീസുകൾ മുടങ്ങാതിരിക്കാനാണ് പ്രധാന പരിഗണന

വി.എം. താജ്ജുദ്ദീൻ
ഡി.ടി.ഒ
എറണാകുളം

Advertisement
Advertisement