നിഷിൽ സി.ആർ.സി.എസ് ആരംഭിക്കുന്നു

Monday 22 November 2021 12:00 AM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) സെന്റർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസസ് (സി.ആർ.സി.എസ്) പ്രവർത്തനം ആരംഭിക്കുന്നു. ആശയവിനിമയ തകരാറുകൾ അനുഭവപ്പെടുന്നവരെ സമൂഹത്തിൽ സജീവമായി ഇടപെടാൻ പ്രാപ്തരാക്കുക, ആശയവിനിമയ തകരാറുകളും കാരണങ്ങളും മനസിലാക്കി ചികിത്സാരീതികൾ വികസിപ്പിക്കുക, ചികിത്സാഫലങ്ങൾ വിലയിരുത്താൻ ഗവേഷണം നടത്തുക എന്നിവയാണ് സി.ആർ.സി.എസിന്റെ ലക്ഷ്യം

ലാരിഞ്ജിയൽ ആൻഡ് ആർട്ടിക്കുലേറ്ററി സയൻസസ് യൂണിറ്റിലെ സ്പീച്ച് സയൻസ് ലാബിലെ അത്യാധുനിക ഉപകരണങ്ങളുടെയും വാഗ്മി, ലിംഗ് വേവ്സ് സോഫ്ട് വെയറുകളുടെയും ലാറിങ്കോസ്‌കോപ്പിയുടെയും സഹായത്തോടെ നടത്തുന്ന പരിശോധനയിലൂടെ ഉച്ചാരണത്തിലെയും ശബ്ദത്തിലെയും പ്രത്യേകതകൾ അളക്കുവാനും വോക്കൽ കോഡുകളെ നിരീക്ഷിക്കാനും കഴിയും. സംസാരത്തിൽ ഉണ്ടാകുന്ന ഉച്ചാരണ പിഴവുകൾ, ശബ്ദത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, വോക്കൽ കോഡിന്റെ ഘടനയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവ പരിശോധിക്കാനാകും. കൂടാതെ ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട്, മൂക്കിലൂടെ സംസാരിക്കുക തുടങ്ങിയവയ്ക്ക് കാരണമായ അവയവത്തിന്റെ ഘടനയോ പ്രവൃത്തിയോ ലാറിങ്കോസ്‌കോപ്പിലൂടെ കണ്ടുപിടിക്കാനാകും. കുട്ടികളിലും മുതിർന്നവരിലും ലാറിങ്കോസ്‌കോപ്പി പരിശോധന നടത്താം.

'സംസ്ഥാനത്താദ്യമായി ആശയവിനിമയ ശാസ്ത്ര ഗവേഷണത്തെ കേന്ദ്രീകരിച്ച് നിലവിൽ വരുന്ന അത്യാധുനിക സി.ആർ.സി.എസ് ഈ മേഖലയിൽ വഴിത്തിരിവാകും.'

-എം.അഞ്ജന

നിഷ്, എക്‌സിക്യുട്ടീവ് ഡയറക്ടർ