കാട്ടുപന്നികൾ ക്ഷുദ്രജീവി ആകുമോ? കേന്ദ്രമന്ത്രിയുമായി വനംമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

Monday 22 November 2021 12:05 AM IST

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി (വെർമിൻ) പ്രഖ്യാപിക്കാൻ അനുമതി തേടി വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി ഇന്നു നടത്തുന്ന കൂടിക്കാഴ്ചയിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ കർഷകർ. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനമേഖലയ്ക്ക് പുറത്തിറങ്ങുന്ന കാട്ടുപന്നികളെ ആർക്കും കൊ‍ല്ലാനും ഇറച്ചി ഉപയോഗിക്കാനും കഴിയും. കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിലൂടെ മാത്രമേ കൃഷി സംരക്ഷിക്കാൻ കഴിയൂ എന്നാണ് മലയോര കർഷകർ

കാലങ്ങളായി പറയുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 3ൽ ഉൾപ്പെട്ട കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുമതി ഇതുവരെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയിട്ടില്ല. എന്നാൽ, കാട്ടുപന്നികൾ ഉയർത്തുന്ന ശല്യം തുടർക്കഥയായതോടെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഇവയെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയിരുന്നു. വനം ഉദ്യോഗസ്ഥർക്കും ലൈസൻസുള്ള തോക്ക് ഉള്ളവർക്കും മാത്രം വെടിവച്ചു കൊ‍ല്ലാമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതുകൊണ്ടു മാത്രം കാര്യമായ പ്രയോജനം ഉണ്ടായില്ല. അതിനാലാണ് ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അപേക്ഷയിൽ അനുകൂല തീരുമാനം തേടി വനംമന്ത്രി ഇന്ന് കേന്ദ്രത്തെ സമീപിക്കുന്നത്. സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണത്തിൽ 4 പേരാണ് ഈ വർഷം കൊല്ലപ്പെട്ടത്.

 ക്ഷുദ്രജീവി ആയി പ്രഖ്യാപിച്ചാൽ

നിലവിൽ ഷെഡ്യൂൾ 3ൽ ഉൾപ്പെട്ട കാട്ടുപന്നികളെ നിശ്ചിത കാലത്തേക്ക് ഷെഡ്യൂൾ 5 ൽ ഉൾപ്പെടുത്തും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62ാം വകുപ്പു പ്രകാരമായിരിക്കും പ്രഖ്യാപനം. ഗുജറാത്തിൽ നീല കാളകളെ സമാനമായ രീതിയിൽ ക്ഷുദ്രജീവി ആയി പ്രഖ്യാപിച്ചിരുന്നു. ആറു മാസം മുതൽ ഒരു വർഷം വരെ മാത്രമാണ് കാലാവധി. വനമേഖലയിലൊഴികെ ഇവയെ ആർക്കും കൊല്ലാനും ഇറച്ചി ഉപയോഗിക്കാനും കഴിയും.