തീർത്ഥാടകർക്കായി കൂടുതൽ ക്രമീകരണങ്ങൾ

Monday 22 November 2021 12:24 AM IST
സന്നിധാനത്ത് അയ്യപ്പ ദർശനം നടത്തുന്ന തീർത്ഥാടകർ

ശബരിമല : തീർത്ഥാടകരുടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനായി ദേവസ്വം ബോർഡ് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി 1069 ശൗചാലയങ്ങൾ സജ്ജമാക്കി. കഴിഞ്ഞ ദിവസം നിലയ്ക്കലിൽ എത്തിയവർക്ക് പ്രാഥമികാവശ്യങ്ങൾക്ക് മതിയായ സൗകര്യമില്ലെന്ന് പരാതി ഉയർന്നിരുന്നു. കനത്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുള്ളതിനാൽ പമ്പയിൽ തത്ക്കാലം സ്നാനം അനുവദിക്കുന്നില്ല. ഇതിന് പകരമായി അയ്യപ്പന്മാർക്ക് ദേഹശുദ്ധി വരുത്തുന്നതിനായി 60 ഷവർ ബാത്തുകൾ പമ്പ അന്നദാന മണ്ഡപത്തിന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് നിലവിൽ 575ഉം പമ്പയിൽ 134ഉം നിലയ്ക്കലിൽ 360ഉം ശൗചാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നിധാനത്ത് വലിയ നടപന്തലിന് കിഴക്ക് ഭാഗത്ത് നാല് ബ്ലോക്കുകളിലായി 150 ഉം, ഭസ്മകുളം ഡീസൽ ടാങ്കിന് സമീപം 150 ഉം പാണ്ടിത്താവളം ടവറിന് സമീപം 80 ഉം, മഗുണ്ടാ അയ്യപ്പാലയത്തിന് സമീപം 75 ഉം സൗജന്യമായി ഉപയോഗിക്കാവുന്ന ശൗചാലയങ്ങളുണ്ട്. ഒപ്പം പണം നൽകി ഉപയോഗിക്കാവുന്ന 120 ശുചിമുറികളുമുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകർ എത്തുന്ന സ്വാമി അയ്യപ്പൻ റോഡിൽ സ്ത്രീകൾക്കായി അഞ്ചും പുരുഷന്മാർക്കായി ആറും മൂത്രപ്പുരകളും 30 ബയോ ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ 360 ശുചിമുറികളിൽ 260 കണ്ടെയ്‌നർ ടോയ്ലറ്റും 100 സ്ഥിര ശുചിമുറികളും ഉണ്ട്.

വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കൂടുന്നത് അനുസരിച്ച് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

വി. കൃഷ്ണകുമാര വാര്യർ

ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ