മുടിയൂർക്കോണം, ചേരിക്കൽ, തോട്ടക്കോണം, മുളമ്പുഴ മേഖലകളിൽ വെള്ളക്കെട്ട്

Monday 22 November 2021 12:27 AM IST
വെളളം കയറിക്കിടക്കുന്ന ചേരിക്കലെ വീട്‌

പന്തളം : അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ദുരന്തം നേരിടുകയാണ് മുടിയൂർക്കോണം, ചേരിക്കൽ, തോട്ടക്കോണം, മുളമ്പുഴ മേഖലകളിലുള്ളവർ. പന്തളം നഗരസഭയിലെ 31,32,33,1,2 വാർഡുകളിലെ ജനങ്ങളാണ് വർഷത്തിൽ നാല് തവണവരെ വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിക്കുന്നത്. മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങാത്തതിനാൽ ചേരിക്കൽ 25 വീടുകളും പുതുമനയിലെ 18 വീടുകളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് 32, 33 വാർഡുകളിലുള്ളവരാണ്. അച്ചൻകോവിലാറ്റിൽ വെള്ളം ഉയർന്നാൽ കരിങ്ങാലി പുഞ്ചയും വലിയ തോടും മഞ്ഞനംകുളവും നിറയും. പ്രദേശവാസികളിൽ ഏറെയും തലമുറകളായി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ഉപജീവനം നടത്തി വരുന്നവരാണ്. കാലാവസ്ഥാ വ്യതിയാനവും അടിക്കടിയുള്ള വെള്ളപ്പൊക്കവും കാരണം കാർഷിക മേഖലയും ഇവിടെ തകർച്ചയുടെ വക്കിലാണ്. കരിങ്ങാലി പാടം നിറഞ്ഞാൽ പ്രദേശത്തെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറും. ഇതോടെ ചേരിക്കൽ, പുതുമന പ്രദേശങ്ങൾ ഒറ്റപ്പെടും. ഇപ്പോഴും ചേരിക്കലും പുതുമനയും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. വൈദ്യുതി മുടങ്ങി ഏഴ് ദിവസം കഴിഞ്ഞാണ് പുനസ്ഥാപിച്ചത്. മുപ്പത്തി രണ്ടാം വാർഡിലെ മൂന്നു ട്രാൻസ്ഫോമറുകൾ വെള്ളത്തിലായതാണ് ഇതിന് കാരണം.

ദുരിതം ഒഴിവാക്കാൻ

1) ട്രാൻസ്ഫോമറുകൾ ഉയർത്തി സ്ഥാപിക്കുക,

2) ആനക്കുഴി - ചേരിക്കൽ റോഡ് 2 മീറ്റർ ഉയർത്തി പുനർനിർമ്മിക്കുക. 3 ) രക്ഷാപ്രവർത്തനത്തിന് യന്ത്രവള്ളങ്ങൾ അനുവദിക്കുക.

4) വെള്ളം കയറുന്ന വീടുകളുടെ മുകൾ നിലയിൽ

മുറി നിർമ്മിക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകുക.

5) ദുരിതാശ്വാസ ക്യാമ്പിന് കെട്ടിടം നിർമ്മിക്കുക.

Advertisement
Advertisement