ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടി അനന്യ

Monday 22 November 2021 12:37 AM IST

അടൂർ: സപ്ത സഹോദരികൾക്ക് 4 മിനിറ്റ് 45 സെക്കൻഡ് കൊണ്ട് വർണ്ണവും വിവരണവും നൽകിയ അനന്യ റേയ്ച്ചൽ ജേക്കബ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി. സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തം സമ്മാനിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസാം, മണിപ്പൂർ, മിസോറാം, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവ ചേർന്നാണ് സപ്തസഹോദരിമാർ എന്നറിയപ്പെടുന്നത്. ഇന്ത്യൻ ഭൂപടം വരച്ച് ഈ സംസ്ഥാനങ്ങൾ വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ തലസ്ഥാനവും സവിശേഷതകളും തയ്യാറാക്കിയുമാണ് അനന്യ നേട്ടം കൊയ്തത്. അടൂർ പാലവിളയിൽ പുത്തൻവീട്ടിൽ സാബു ജേക്കബിന്റെയും സജിനിയുടെയും മകളാണ്. സംഗീതം, ചിത്രരചന, ഡാൻസ്, ഉപന്യാസ രചന എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. പ്ളസ് ടു പഠനം പൂർത്തിയാക്കിയ അനന്യ ബി.എസ് സി നഴ്സിംഗ് പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിൽ കയറി പറ്റാനുള്ള ശ്രമത്തിലാണ് ഈ മിടുക്കി.