ദത്ത് നൽകിയ കുഞ്ഞ് തലസ്ഥാനത്ത് ,​ ഡി.എൻ.എ പരിശോധന ഉടൻ

Monday 22 November 2021 12:00 AM IST

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ തലസ്ഥാനത്തെത്തിച്ചു. ഇന്നലെ 8.30ന് ഹൈദരാബാദ്-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫയർ കൗൺസിലിന്റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികൾ പൂർത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്. തിരുവനന്തപുരത്ത് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിലുള്ള സുരക്ഷത കേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.

 ഡി.എൻ.എ പരിശോധന ഉടൻ

കുഞ്ഞ്, അനുപമ, അജിത് കുമാർ എന്നിവരെ ഉടൻ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ചക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് വിവരം. പരിശോധനയ്‌ക്ക് ശേഷം കേസ് നടപടികൾ തീരും വരെ നോക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരാളെ കണ്ടെത്തി കുട്ടിയെ കൈമാറും.

കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് 18നാണ് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചൈൽഡ് വെൽഫയർ കൗൺസിലിന് നിർദേശം നൽകിയത്. താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി ഒക്ടോബർ 14നാണ് പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്. പ്രാദേശിക ഇടത് നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ കുഞ്ഞിനായി അനുപയും പങ്കാളി അജിത്തും നിരന്തരം നടത്തിയ സമരങ്ങൾക്കും നിയമ നടപടികൾക്കും ഒടുവിലാണ് കുഞ്ഞിനെ നാട്ടിലെത്തിച്ചത്.

 അനുപമയ്‌ക്ക് ദേഹാസ്വാസ്ഥ്യം

കുഞ്ഞ് വിമാനത്തവളത്തിലെത്തിയെന്ന് അറിഞ്ഞതോടെ അനുപമ കുഞ്ഞിനെ കാണമെന്ന് ആവശ്യപ്പെട്ടു. ശിശുക്ഷേമ കൗൺസിലിന് മുന്നിലെ സമരപന്തലിൽ ഒപ്പമുണ്ടായിരുന്നവർ ഇക്കാര്യം ശിശുക്ഷേമ ക്ഷേമ സമിതി (സി.ഡബ്ലിയു.സി) അധികൃതരെ അറിയിച്ചെങ്കിലും സാദ്ധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെ അനുപമയ്‌ക്ക് ദേഹാസ്വസ്ഥമുണ്ടായി. തുടർന്ന് സമരപന്തലുണ്ടായിരുന്നവർ അനുപമയെ ആശ്വസിപ്പിച്ചു.