താളിയോലയിലെ കൃഷ്ണഗാഥയും മഹാഭാരതവും കണ്ണന് കാണിക്ക

Monday 22 November 2021 12:02 AM IST

ഹർഷ വിജയും കുടുംബവും താളിയോലയിലെഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും ഗുരുവായൂരപ്പന് സമർപ്പിക്കാനെത്തിയപ്പോൾ

കൃഷ്ണഗാഥ 1828ലും മഹാഭാരതം 1889ലും എഴുതിയ പകർപ്പെന്ന്

ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിൽ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും സമർപ്പിച്ചു. കൃഷ്ണഗാഥയ്‌ക്ക് 193 വർഷവും മഹാഭാരതത്തിന് 132 വർഷവും പഴക്കം.

ഹൈദരാബാദ് സ്വദേശി ഹർഷ വിജയ്, ഭാര്യ ലക്ഷ്മി സരസ്വതി എന്നിവരാണ് പഴയ മലയാള ലിപിയിൽ എഴുതിയ ഗ്രന്ഥങ്ങൾ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്.

ഒന്നേകാൽ അടിയോളം നീളവും നാലര ഇഞ്ച് കനവുമുള്ള അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങൾ 2020ൽ ഒരു പുരാവസ്തു വിൽപ്പനക്കാരനിൽ നിന്ന് വാങ്ങിയതാണെന്ന് ഹർഷ വിജയ് പറഞ്ഞു.

പതിനഞ്ചാം നൂറ്റാണ്ടിൽ ഗുരുവായൂരപ്പന്റെ ഇഷ്ട ഭക്തനായിരുന്ന ചെറുശ്ശേരി നമ്പൂതിരി രചിച്ച ഭക്തികാവ്യമാണ് കൃഷ്ണഗാഥ. അതിന്റെ 1828 ൽ എഴുതിയ പകർപ്പാണിതെന്ന് കരുതുന്നു. മഹാഭാരതം പകർപ്പ് 1889 ൽ എഴുതിയതാണെന് സൂചനയുണ്ട്. ഗ്രന്ഥങ്ങൾ ഗുരുവായൂരപ്പന് സമർപ്പിക്കണമെന്ന ആഗ്രഹം ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻ ദാസിനെ ഹർഷ വിജയ് അറിയിച്ചിരുന്നു. ഹർഷ വിജയ്, ഭാര്യ ലക്ഷ്മി സരസ്വതി, മക്കളായ ഗഗന പ്രിയ, മേഘനസുധ, ഗണേഷ്, ഭാനുമതി എന്നിവർ ഗുരുവായൂരിലെത്തി ഗ്രന്ഥങ്ങൾ സമർപ്പിച്ചു.