വിദ്യ ഒരുക്കി, ആൺ - പെൺ ഭേദം തകർത്ത യൂണിഫോം

Monday 22 November 2021 12:11 AM IST

കൊച്ചി: വിദ്യാർത്ഥികൾക്ക് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സ്കൂളുകൾ ഒരുങ്ങുമ്പോൾ, സംസ്ഥാനത്ത് ആദ്യമായി അത് ഡിസൈൻ ചെയ്തതിന്റെ അഭിമാനത്തിലാണ് സീരിയലുകൾക്കും പരസ്യങ്ങൾക്കും വസ്ത്രാലങ്കാരം ചെയ്യുന്ന വിദ്യാ മുകുന്ദൻ. തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന വിദ്യാമുകുന്ദന് ഫാഷൻ ഡിസൈൻ ഇപ്പോഴും ഹരമാണ്.

2018ൽ പെരുമ്പാവൂർ വളയൻചിറങ്ങര ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു ആദ്യ യൂണിഫോം. ഇതിനായി വിദ്യയെ സമീപിച്ചത് പി.ടി.എ പ്രസിഡന്റ് ബിനോയ് പീറ്ററാണ്. ആൺകുട്ടികളുടെ ഷോർട്ട്സിനു സമാനമായ ത്രീഫോർത്ത് തയാറാക്കി. മകൾ ദേവനന്ദയെ മോഡലാക്കി.ആ വർഷം തന്നെ സ്കൂളിൽ നടപ്പാക്കുകയും ചെയ്തു.ഇപ്പോൾ ആ സ്കൂളിൽ എഴുന്നൂറിലധികം കുട്ടികളാണ് വിദ്യ ഡിസൈൻ ചെയ്ത യൂണിഫോം ധരിക്കുന്നത്.

സിനിമാ മോഹവുമായി

കൊച്ചിയിൽ സി.എക്കാരിയായ വിദ്യയ്‌ക്ക് മുംബയിലായിരുന്നു ജോലി. കുഞ്ഞ് ജനിച്ചതോടെ ജോലി ഉപേക്ഷിച്ച് സ്വദേശമായ കണ്ണൂരിലെത്തി. വസ്ത്ര ഡിസൈനുകൾക്ക് ഫേസ്ബുക്ക് പേജും പിന്നീട് ബുട്ടീക്കും തുടങ്ങി. മനസിൽ സിനിമാ മോഹമായിരുന്നു. അതിനായി കൊച്ചിയിലേക്ക് താമസം മാറ്റി. കൊച്ചിയിൽ ബുട്ടീക്ക് തുടങ്ങി. ഷോർട്ട് ഫിലിമുകൾക്കും സീരിയലുകൾകൾക്കും പരസ്യങ്ങൾക്കും വസ്ത്രാലങ്കാരം ചെയ്തു. ഭർത്താവ്: മുകുന്ദൻ. മക്കൾ സൂര്യനാരായണൻ, ദേവനന്ദ.

സ്വന്തം സിനിമ വിദ്യ കൊവിഡ് കാലത്ത് എഴുതിയ കഥ സിനിമയാവുകയാണ്. തിരക്കഥയും സംവിധാനവും വിദ്യ തന്നെ. അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വിദ്യയുടെ കവിതാ സമാഹാരം 'ഞാനറിയാതെ' 2020ൽ പ്രകാശനം ചെയ്തു. അടുത്തതിന്റെ പണിപ്പുരയിലാണ്. മലയാള സിനിമയിലെ വസ്ത്രാലങ്കാര ചരിത്രത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് 2020-ൽ ചലച്ചിത്ര അക്കാഡമിയുടെ ഫെലോഷിപ്പും ലഭിച്ചു.

പുതിയ പദ്ധതികൾ ഫാഷൻ കൺസൾട്ടന്റ്, പേഴ്‌സണൽ ഷോപ്പർ എന്ന നിലയിലാണ് ഇപ്പോൾ സജീവം. വിവാഹത്തിനും മറ്റും വസ്ത്രമെടുക്കാൻ പോകുമ്പോൾ വിദ്യയെ വിളിക്കാം. അതാണ് പേഴ്‌സണൽ ഷോപ്പർ. മണിക്കൂറിനാണ് പ്രതിഫലം.

`ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികൾക്ക് നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. അവർ പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. എല്ലാവരും ഒരുപോലെയാണെന്ന മനോഭാവം ആൺകുട്ടികൾക്കും ഉണ്ടായി.'

--രാജി. സി, മുൻ ഹെഡ്മിസ്ട്രസ്,

വളയൻചിറങ്ങര ഗവ. എൽ.പി. സ്കൂൾ