ശബരിമല: ദർശനം നടത്തിയത് 60,000ത്തോളം തീർത്ഥാടകർ

Monday 22 November 2021 12:19 AM IST

ശബരിമല: മണ്ഡല - മകരവിളക്ക് തീർത്ഥാടനം ആറ് ദിവസം പിന്നിട്ടപ്പോൾ അറുപതിനായിരത്തോളം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തി. വെർച്വൽ ക്യൂ വഴി മാത്രം ഇന്നലെ വൈകിട്ട് മൂന്നുവരെ എത്തിയത് 55,448 തീർത്ഥാടകർ. ഇതിനുപുറമേ പടിപൂജ, കളഭാഭിഷേകം, ഉദയാസ്തമയ പൂജ തുടങ്ങിയ പ്രധാന ചടങ്ങുകളുടെ വഴിപാടുകാർക്ക് (5 തീർത്ഥാടകർ വീതം) വെർച്വൽ ക്യൂ വഴിയല്ലാതെ ദേവസ്വത്തിന്റെ അനുമതിയോടെ ദർശനം ന‌ടത്താം. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്തിയിട്ടുണ്ട്.

എന്നാൽ,​ സ്പോട്ട് ബുക്കിംഗിന് കാര്യമായ പ്രതികരണമുണ്ടായില്ല. ഇതുവരെ 253 പേരാണ് സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് എത്തിയത്. പ്രതിദിനം 35,000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. സ്പോട്ട് ബുക്കിംഗിലൂടെ 5000 പേർക്കും ദർശനാനുമതി ലഭിക്കും. കഴിഞ്ഞ സീസണെക്കാൾ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇത്തവണ വർദ്ധനയുണ്ട്. 1000പേർക്കു വീതമായിരുന്നു കഴിഞ്ഞ സീസണിൽ തുടക്കത്തിൽ ദർശനാനുമതി. അത് പിന്നീട് 2000വും മകരവിളക്ക് സീസണിൽ 5000വും ആക്കി ഉയർത്തിയിരുന്നു. ഏഴായിരത്തിൽ താഴെ തീർത്ഥാടകരാണ് വെർച്വൽ ക്യൂ വഴി കഴിഞ്ഞ സീസണിൽ ഇതേദിവസങ്ങളിൽ ദർശനം നടത്തിയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ശനി, ഞായർ ദിവസങ്ങളിലാണ്. ശനിയാഴ്ച 12,345 പേരും ഇന്നലെ വൈകിട്ട് 3 വരെ 10,065പേരും എത്തി.

മഴയൊഴിഞ്ഞ് മാനം തെളിഞ്ഞതോടെ വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന പ്രതീക്ഷിക്കുന്നു. ഡിസംബർ എട്ടിന് ശേഷം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്.