മുല്ലപ്പെരിയാർ ; സമവായം അഭികാമ്യം
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും യോഗനാദം മാനേജിംഗ് എഡിറ്ററുമായ വെള്ളാപ്പള്ളി നടേശൻ ഒക്ടോബർ 30ന് കേരളകൗമുദിയിലും നവംബർ ഒന്നാം ലക്കം യോഗനാദത്തിലും മുഖപ്രസംഗമായി പ്രസിദ്ധീകരിച്ച 'മുല്ലപ്പെരിയാർ - ജലം കൊണ്ട് മനസുകളെ മുറിവേൽപ്പിക്കരുത്" എന്ന ലേഖനം ഏറെ സമകാലിക പ്രസക്തമാണ്. മറ്റ് സമുദായ നേതാക്കളോ, രാഷ്ട്രീയ നേതാക്കളോ മുല്ലപ്പെരിയാർ വിഷയത്തിൽ ഇതുപോലെ പ്രതികരിച്ചുകണ്ടില്ല. അഭിനന്ദനങ്ങൾ. മധുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ, തേനി മുതലായ വരണ്ട ജില്ലകളിൽ കൃഷിചെയ്തുവരുന്നത് മുല്ലപ്പെരിയാർ ജലം കൊണ്ടാണ്. ഏറെയും ഭൂ ഉടമകളും കൃഷിക്കാരും മലയാളികൾ തന്നെയാണ്. എനിക്കിത് നേരിട്ടറിയാം. വിവിധ വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയവും ജാതിമത ചിന്തകളും വളർത്താൻ ലക്ഷ്യമിട്ട് സമരങ്ങൾ സംഘടിപ്പിക്കുന്ന നേതാക്കൻമാർക്ക് ഒരു ഉപദേശം കൂടിയാണ് ലേഖനം. എല്ലാവരും ലേഖനം വായിച്ചിരിക്കണം. പി. രാമചന്ദ്രൻനായർ പ്രസിഡന്റ് പത്തനംതിട്ട പൗരസമിതി
ഡിജിറ്റൽ യുഗത്തിലും മന്ത്രവാദമോ? പനി ബാധിച്ച 11 വയസുള്ള പെൺകുട്ടിയെ ചികിത്സിപ്പിക്കാൻ സമ്മതിക്കാതെ, പ്രാർത്ഥനയും ജപിച്ചൂതിയ വെള്ളവും കൊടുത്ത്, മരണത്തിന് വിധേയയാക്കിയ സംഭവം, സാക്ഷര കേരളത്തിന് ഏറെ അപമാനകരമാണ്. പനി മൂർച്ഛിച്ച് നാല് ദിവസം വീട്ടിൽത്തന്നെ കിടന്ന്, അവസാനം തലച്ചോറിൽ അണുബാധയുണ്ടായിട്ടാണ് ആ കുട്ടി മരിച്ചത്. 30 വയസുള്ള പുരോഹിതനും 55 കാരനായ പിതാവും ഒരേപോലെ കുറ്റക്കാരാണ്; ഇതിന് മുൻപ് നാല് പേർ സമാന സാഹചര്യത്തിൽ, ഈ പുരോഹിതന്റെ സമ്പർക്കത്തിൽ മരണപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് ഇത്തരക്കാരെ ഇരുമ്പഴിക്കുള്ളിലാക്കണം.... വി.ജി. പുഷ്ക്കിൻ വട്ടിയൂർക്കാവ്
അതു കേളപ്പനല്ല, ടി.കെ. മാധവൻ എല്ലാ ഹൈന്ദവർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ കാക്കിനാഡ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചതു കെ. കേളപ്പനായിരുന്നെന്നാണ് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അവകാശവാദം. കേരളകൗമുദിയിൽ വായിച്ചു (ഒക്ടോബർ 29) ഇതു വസ്തുതകൾക്കു നിരക്കുന്നതല്ല. കാക്കിനഡ കോൺഗ്രസിൽ (1923) പ്രമേയം അവതരിപ്പിച്ചത് എസ്.എൻ.ഡി.പി യോഗം സെക്രട്ടറി ടി.കെ. മാധവനായിരുന്നു. ക്ഷേത്രപ്രവേശനത്തിന്റെ മുന്നോടിയായി ക്ഷേത്രനിരത്തുകൾ അവർണർക്കു തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ നായകനായ ടി.കെ. മാധവൻ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയമാണു വൈക്കം സത്യഗ്രഹത്തിനു (1924 - 1925) അടിസ്ഥാനമിട്ടത്. അതുകഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട ശേഷമാണ് ഗുരുവായൂർ ക്ഷേത്രപ്രവേശന സമരം (1931- 1932) ആരംഭിക്കുന്നത്. അതിന് തുടക്കം കുറിച്ചതാകട്ടെ സംസ്ഥാന കോൺഗ്രസിന്റെ വടകര സമ്മേളനത്തിൽ (മേയ് 1931) കെ. കേളപ്പൻ അവതരിപ്പിച്ച പ്രമേയത്തെ തുടർന്നും. ഗുരുവായൂർ സത്യഗ്രഹം അവസാനിച്ചത് വിജയത്തിലായിരുന്നില്ല. വർഷങ്ങൾക്കുശേഷം 1947 ജൂണിലാണു ക്ഷേത്രം സമസ്ത ഹിന്ദുക്കൾക്കും തുറന്നുകൊടുത്തത്. എന്നാൽ അതിനു മുൻപ് തന്നെ 1936ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനം അനുവദിച്ചുവെന്നതാണ് മറ്റൊരു വസ്തുത. പ്രസ്തുത രാജവിളംബരത്തെ 'ആധുനിക കാലത്തെ അത്ഭുതം" എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. സി.കെ. ശശി, മേത്തല കൊടുങ്ങല്ലൂർ
പണിമുടക്കിന്റെ ബാക്കിപത്രം നവംബർ ഏഴിന് കേരളൗമുദിയിൽ'പണിമുടക്കിന്റെ ബാക്കിപത്രം" എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ കാണാതെ പോയ ചില കാര്യങ്ങളുണ്ട്. ഇക്കഴിഞ്ഞ നവംബർ 5, 6 തീയതികളിലാണ് ട്രാൻസ്പോർട്ട് തൊഴിലാളികൾ പണിമുടക്കിയത്. അഞ്ചാംതീയതി എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കിയപ്പോൾ ആറാം തീയതി ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ടി.ഡി.എഫ്), എ.ഐ.ടി.യു.സിയുമാണ് പണിമുടക്കിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ജീവനക്കാരനും ജോലിക്കെത്തിയില്ലായെന്നും ഒരൊറ്റ ട്രാൻസ്പോർട്ട് ബസും ഓടിയില്ലായെന്നും ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് പണിമുടക്കെന്നും പറയുന്നത് ശരിയല്ല. ശനിയാഴ്ച ഡ്യൂട്ടി ചെയ്ത ആര്യനാട് ഡിപ്പോയിലെ കണ്ടക്ടറാണ് ഞാൻ. എന്റെ ഡിപ്പോയിൽ മൂന്നും, വെള്ളനാട് 20 ഉം, കാട്ടാക്കട അഞ്ചും സർവീസുകൾ നടത്തി. തിരുവനന്തപുരം ജില്ലയിലെ എല്ലാ ഡിപ്പോകളിലും സർവീസുകൾ തുടങ്ങി. ശമ്പളപരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്നതും ശരിയല്ല. വിവിധ ആവശ്യങ്ങളിൽ ഒന്നുമാത്രമാണ് അത്. ശമ്പളപരിഷ്കരണം നടപ്പിലാക്കുക, എം പാനൽക്കാരെ സംരക്ഷിക്കുക, അശാസ്ത്രീയമായ ഡ്യൂട്ടി പാറ്റേൺ നിറുത്തലാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നിറുത്തലാക്കുക, കെ.എസ്.ആർ. റൂൾ പാലിക്കാതെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നത് നിറുത്തുക... തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിന്നാധാരം. കെ.എസ്.ആർ.ടി.സി മാത്രമാണോ സർക്കാരിന് ബാധ്യത? കേരളത്തിൽ നഷ്ടത്തിലോടുന്ന എത്രയോ പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്നുണ്ട്. അവയുടെ ബാധ്യതയെന്തേ പരിഗണിക്കുന്നില്ല? രണ്ടുദിവസം പണിമുടക്കിയപ്പോൾ ഒമ്പത് കോടി രൂപയുടെ നഷ്ടം എന്നതും സത്യമല്ല. ഇത് ശരിയാണെങ്കിൽ ഒരുദിവസം 4.5 കോടിയല്ലേ വരുമാനം. ഒരുമാസത്തേക്ക് 135 കോടി. ശമ്പളത്തിന് ആകെ വേണ്ടത് 70 കോടി. അപ്പോൾ കെ.എസ്.ആർ.ടി.സി ലാഭത്തിലല്ലേ? കെ.എസ്.ആർ.ടി.സി മാസംതോറും സർക്കാരിനായി ചെയ്യുന്ന സാമൂഹ്യപ്രതിബദ്ധത എന്തുകൊണ്ട് പൊതുസമൂഹം മനസിലാക്കുന്നില്ല. ശബളപരിഷ്കരണത്തിന് വേണ്ടത്ര സമയം കിട്ടിയില്ലെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. 2012 മുതൽ മുറവിളി കൂട്ടുന്നതാണ്. കഴിഞ്ഞ ഒരുവർഷമായി മാരത്തോൺ ചർച്ചയാണ്. എന്നിട്ടും സമയം കിട്ടിയില്ലപോലും?
കോട്ടൂർ ജയചന്ദ്രൻ സംസ്ഥാന എക്സ്. മെമ്പർ ട്രാൻ. എംപ്ളോയീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ.