കയറ്റുമതി ഓർഡറുകൾ കുറഞ്ഞു; ഇന്ത്യൻ അരിവിലയിൽ ഇടിവ്

Monday 22 November 2021 3:41 AM IST

ന്യൂഡൽഹി: പ്രമുഖ വിപണിയായ ആഫ്രിക്കയിൽ നിന്നുൾപ്പെടെയുള്ള ഓർഡറുകൾ കുറഞ്ഞതിനാൽ ഇന്ത്യ കയറ്റുമതി ചെയ്യുന്ന പാരാബോയിൽഡ് അരിയുടെ വില മൂന്നുമാസത്തെ താഴ്ചയിലെത്തി. ടണ്ണിന് 359-364 ഡോളർ നിരക്കിൽ നിന്ന് കഴിഞ്ഞവാരം 354-360 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. ആഗസ്‌റ്റ് മദ്ധ്യത്തിനുശേഷം കുറിക്കുന്ന ഏറ്റവും കുറഞ്ഞവിലയാണിത്.

വില ഇനിയും കുറഞ്ഞേക്കുമെന്ന വിശ്വാസത്താൽ ബയർമാർ ഓർഡറുകൾ നൽകുന്നത് വൈകിപ്പിക്കുകയാണെന്ന് പ്രമുഖ അരി കയറ്റുമതി ഹബ്ബായ ആന്ധ്രാപ്രദേശിലെ കാക്കിനഡയിലെ വ്യാപാരികൾ പറയുന്നു. ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ അരിയുടെ കയറ്റുമതി കുറഞ്ഞത് മറ്റ് ഉത്പാദക രാജ്യങ്ങളെയും ബാധിച്ചുവെന്ന് വിയറ്റ്‌നാമിലെ വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിയറ്റ്‌നാം ഇനത്തിന്റെ വില ടണ്ണിന് 430-435 ഡോളറിൽ നിന്ന് 425-430 ഡോളറിലേക്ക് താഴ്‌ന്നിട്ടുണ്ട്.

അതേസമയം, തായ്‌ലൻഡ് ഇനത്തിന്റെ വില 377-383 ഡോളറിൽ നിന്ന് 385-395 ഡോളറിലേക്ക് മെച്ചപ്പെട്ടു. ഡോളറിനെതിരെ തായ് കറൻസിയായ ബാത്തിന്റെ മൂല്യം വർദ്ധിച്ചതാണ് നേട്ടമായത്. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ തായ് അരിയുടെ വില 2017 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. തുടർന്ന്, തായ് അരിക്ക് മികച്ച ഓർഡറുകൾ ലഭിച്ചതും വിലവർദ്ധിക്കാനിടയാക്കി.

വരുംനാളുകളിൽ വിതരണം കുറയുമെന്നതിനാൽ വില വൈകാതെ കരകയറുമെന്ന പ്രതീക്ഷയാണ് ഇന്ത്യയിലെയും വിയറ്റ്‌നാമിലെയും വ്യാപാരികൾക്കുള്ളത്. നിലവിലെ വിളവെടുപ്പ് സീസൺ അവസാനിച്ചു. അടുത്ത സീസൺ ആരംഭിക്കുന്നത് 2022 ഫെബ്രുവരിയിലാണ്. അതുവരെ വിപണിയിൽ സ്റ്റോക്ക് ലഭ്യത കുറവായിരിക്കുമെന്നതാണ് വില കരകയറുമെന്ന പ്രതീക്ഷയ്ക്ക് പിന്നിൽ.