ഷോ റീൽ സോഷ്യൽ വീഡിയോ പ്ളാറ്റ്‌ഫോമുമായി മലയാളി

Monday 22 November 2021 3:45 AM IST

കൊച്ചി: തൊഴിലന്വേഷകർക്ക് സ്വന്തം പ്രൊഫൈൽ വീഡിയോ തയ്യാറാക്കാൻ സഹായിക്കുന്ന സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുമായി മലയാളി സംരംഭകൻ അജി എബ്രഹാം. ടിക്‌ടോക്, റീൽസ് എന്നിവയുടെ മാതൃകയിലാണ് ജോലി തേടുന്നവരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഹ്രസ്വവീഡിയോകൾക്കുള്ള ഷോറീൽ പ്ളാറ്റ്‌ഫോം അജി ഒരുക്കിയത്. ഹോട്ട്‌മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയയുമായി ചേർന്നാണ് അജി എബ്രഹാമിന്റെ പുത്തൻ സംരംഭം.

ജോലി തേടുന്നവർ ഇന്റർവ്യൂകളിൽ നേരിടുന്ന ജോലികൾ ഷോറീൽ ആപ്പിലുണ്ട്. ചോദ്യങ്ങൾക്ക് ഓരോരുത്തരും നൽകുന്ന മറുപടികൾ കോർത്തിണക്കിയുള്ള വീഡിയോയാണ് ആപ്പ് തയ്യാറാക്കുക. സാധാരണ പേപ്പർ റെസ്യൂമേകളേക്കാൾ മികവോടെയും അധിക വിവരങ്ങളോടെയും ഉദ്യോഗാർത്ഥിയുടെ മികവുകളും കഴിവുകളും ഷോറീൽ വീഡിയോയ്ക്ക് പ്രദാനം ചെയ്യാനാകുമെന്ന് അജി എബ്രഹാം പറഞ്ഞു. റിക്രൂട്ട്‌മെന്റുകൾ എളുപ്പമാക്കാനും ഈ സൗകര്യം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ളാറ്റ്‌ഫോമുകളിൽ ഷോറീൽ ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദവും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസും എം.ബി.എയും നേടിയിട്ടുള്ള അജി എബ്രഹാം മൂവാറ്റുപുഴ സ്വദേശിയാണ്.