പൊതുമേഖലാ ടെലികോം ആസ്തി വില്പനയ്ക്ക് തുടക്കം

Monday 22 November 2021 3:51 AM IST

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയുടെ ആസ്‌തി വില്പന (അസറ്റ് മോണെട്ടൈസേഷൻ) നടപടികൾക്ക് തുടക്കമിട്ട് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം). ബി.എസ്.എൻ.എല്ലിന്റെ നാലും എം.ടി.എൻ.എല്ലിന്റെ രണ്ടും പ്രോപ്പർട്ടികളാണ് എം.എസ്.ടി.സി പോർട്ടൽ മുഖേന ലേലം ചെയ്യുന്നത്.

ഇരു കമ്പനികളുടെയും പ്രവർത്തനത്തെ നേരിട്ട് ബാധിക്കാത്ത പ്രോപ്പർട്ടികളാണ് (നോൺ-കോർ അസറ്റ്) ലേലം ചെയ്യുന്നത്. പരസ്പരം ലയിപ്പിച്ചും 68,000 കോടി രൂപയുടെ പാക്കേജ് ലഭ്യമാക്കിയും ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും ലാഭട്രാക്കിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണ് ആസ്‌തി വില്പന. എം.ടി.എൻ.എല്ലിന് ഡൽഹി, മുംബയ് എന്നിവിടങ്ങളിലും ബി.എസ്.എൻ.എല്ലിന് അഖിലേന്ത്യാതലത്തിലുമാണ് സാന്നിദ്ധ്യം.

ദേശീയ ധനസമാഹരണ യജ്ഞം

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്‌തി വിറ്റഴിച്ച് (അസറ്റ് മോണെട്ടൈസേഷൻ) ആറുലക്ഷം കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണ് എം.എസ്.ടി.സി പ്ളാറ്റ്‌ഫോം. ദിപത്തിന്റെ മേൽനോട്ടത്തിൽ ഈ പോർട്ടൽ വഴിയാണ് ആസ്‌തി വില്പന.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രോപ്പർട്ടികളുടെ താത്കാലിക അവകാശമോ നിയന്ത്രണച്ചുമതലയോ ആണ് ആസ്‌തി ഏറ്റെടുക്കുന്നവർക്ക് ലഭിക്കുക. നിശ്‌ചിതകാലത്തിന് ശേഷം പ്രോപ്പർട്ടി തിരികെ കേന്ദ്രത്തെ എൽപ്പിക്കണം. ബെമൽ, ഷിപ്പിംഗ് കോർപ്പറേഷൻ എന്നിവയുടെ ആസ്‌തികളും ഈയിനത്തിൽ കേന്ദ്രം വൈകാതെ വില്പനയ്ക്ക് വയ്ക്കും.

Advertisement
Advertisement