സഞ്ജിത്ത് കൊലപാതകം : ബേക്കറി ജീവനക്കാരനടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

Monday 22 November 2021 4:37 AM IST

പാലക്കാട്-മുണ്ടക്കയം : ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബേക്കറി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവർ താമസിച്ച മുറിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അതീവ രഹസ്യമായാണ് പിടികൂടിയത്. മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈർ, സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് പിടിയിലായത്.

നാലു മാസം മുൻപ് മുണ്ടക്കയത്തെത്തിയ സുബൈർ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തിൽ പങ്കുള്ള സുഹൃത്തുക്കൾ ഇയാളെോടൊപ്പം എന്നാണ് ഇവിടെയെത്തിയതെന്ന് ബേക്കറി ഉടമയ്ക്കും, കെട്ടിട ഉടമയ്ക്കും വിവരമില്ല. പൊലീസ് പരിശോധന നടത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. പ്രാദേശിക പൊലീസ് അറിയാതെയായിരുന്നു പ്രത്യേക സംഘത്തിന്റെ റെയ്ഡ്.

നാല് മാസങ്ങൾക്ക് മുമ്പ് ബേക്കറിയിൽ ജോലിക്കെത്തിയയാൾ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ബേക്കറി ഉടമ ജീവനക്കാർക്കായി എടുത്തു നൽകിയ മുറിയിലാണ് ഇവരെ താമസിപ്പിച്ചതെന്നാണ് അറിയുന്നത്. കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടി കൂടാത്തതിൽ അന്വേഷണ സംഘത്തിനെതിരെ ആക്ഷേപം ശക്തമായിരുന്നു.. സഞ്ജിത്ത് വധം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്.ഐ.ആർ. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45 നാണ് കൃത്യം നടന്നത്. . കാറിലെത്തിയ അഞ്ചുപേരടങ്ങുന്ന സംഘം മമ്പറം പുതുഗ്രാമത്തിൽ ബൈക്കിലെത്തിയ സഞ്ജിത്തിനെ ഭാര്യ അർഷികയുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാലക്കാട് - തൃശൂർ ദേശീയപാതയിൽ കണ്ണനൂരിൽ നിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ നാല് വടിവാളുകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ ഫോറൻസിക് പരിശോധനാഫലം വൈകുന്നതിനാൽ ഇവ സഞ്ജിത്തിനെ കൊല്ലാൻ ഉപയോഗിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല.